ന്യൂഡെൽഹി: മരടിലെ പൊളിച്ച ഫ്ലാറ്റുകൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കാൻ രൂപീകരിച്ച ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഹോളി ഫെയ്ത്ത് ഫ്ലാറ്റ് ഉടമ സുപ്രീം കോടതിയെ സമീപിച്ചു. സമിതി ഇതുവരെ ഇറക്കിയ എല്ലാ ഉത്തരവുകളും സുപ്രീം കോടതിയുടെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മരടിലെ ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെ സുപ്രീം കോടതിയിൽ നടത്തേണ്ട കേസിനെ സംബന്ധിച്ച് ജസ്റ്റിസ് ബാലകൃഷ്ണൻ നായർ നൽകിയ ഉപദേശം ഫ്ലാറ്റ് ഉടമകളുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. സുപ്രീം കോടതി നിയമിച്ച സമിതി ഇത്തരം ഉപദേശങ്ങൾ നൽകുന്നതിനെതിരെ ജസ്റ്റിസ് ബാലകൃഷ്ണൻ നായർക്ക് ഹോളി ഫെയ്ത്ത് ഫ്ലാറ്റ് ഉടമ സാനി ഫ്രാൻസിസ് പരാതി നൽകിയിരുന്നു.
എന്നാൽ സമിതിക്ക് ജുഡീഷ്യൽ, എക്സിക്യുട്ടീവ് അധികാരങ്ങൾ ഉണ്ടെന്നും അതിനാൽ നിയമ ഉപദേശം നൽകാൻ കഴിയുമെന്ന നിലപാടാണ് ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് ബാലകൃഷ്ണൻ നായർ സമിതി അടിയന്തിരമായി പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുന്നതെന്ന് ഹോളി ഫെയ്ത്ത് ഉടമ സുപ്രീം കോടതിയിൽ നൽകിയ അപേക്ഷയിൽ വിശദീകരിച്ചിട്ടുണ്ട്.