തീവ്രവാദി സംഘടനകളുടെ ഭീഷണി; ഡെൽഹിയിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കണമെന്നാവശ്യം

ന്യൂഡെൽഹി: ഖാലിസ്ഥാൻ തീവ്രവാദ സംഘടനകളിൽ നിന്ന് ഡെൽഹി വിമാനത്താവളത്തിന് ഭീഷണി. ഡെൽഹിയിൽ നിന്ന് ലണ്ടനിലേക്കുള്ള രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ ആക്രമിക്കുമെന്ന ഖാലിസ്ഥാൻ തീവ്രവാദ സംഘടനയുടെ ഭീഷണിയെത്തുടർന്ന് ഡെൽഹി വിമാനത്താവളത്തിന് സുരക്ഷ വർധിപ്പിച്ചു.

നാളെ പുറപ്പെടാനിരിക്കുന്ന രണ്ട് വിമാനങ്ങൾ റദ്ദാക്കിയില്ലെങ്കിൽ ആക്രമിക്കുമെന്നാണ് സിഖ് ഫോർ ജസ്റ്റിസ് ഭീഷണി. വീഡിയോ സന്ദേശം പുറത്തുവന്നതിന് പിന്നാലെ ഡെൽഹി പൊലീസും സിആർപിഎഫും ഉന്നത തല യോഗം ചേർന്ന് വിമാനത്താവള സുരക്ഷ വിലയിരുത്തി.

കൂടുതൽ സുരക്ഷാ ജീവനക്കാരെ വിമാനത്താവളത്തിൽ വിന്യസിപ്പിച്ചെന്ന് ഡെൽഹി എയർപോർട്ട് സിസിപി രാജീവ് രഞ്ജൻ പറഞ്ഞു. ഭീഷണിയുടെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.