കൊറോണ പ്രതിരോധത്തിന് ടാറ്റ ട്രസ്റ്റ് 1500 കോടി നൽകും

മുംബൈ:കൊറോണ പ്രതിരോധത്തിന് ടാറ്റ സൺസും ടാറ്റ ട്രസ്റ്റും ചേർന്ന് 1500 കോടി രൂപയുടെ ഫണ്ട് നൽകും.ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ രത്തൻ ടാറ്റ ആദ്യം 500 കോടി പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ അധികമായി 1000 കോടി രൂപകൂടി നൽകുമെന്ന് അറിയിക്കുകയായിരുന്നു. ആരോഗ്യ മേഖലയിലെ പ്രവർത്തകർക്ക് സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കുക, രോഗികൾക്കുള്ള ശ്വസനസംവിധാനം ഏർപ്പെടുത്തുക, കൂടുതൽ ടെസ്റ്റിങ് കിറ്റ് ലഭ്യമാക്കുക, വൈറസ് ബാധിതർക്ക് ചികിത്സാ സൗകര്യം ഏർപ്പെടുത്തുക, ആരോഗ്യ പ്രവർത്തകർക്കും പൊതു ജനങ്ങൾക്കും ബോധവത്കരണവും പരിശീലനവും നൽകുക തുടങ്ങിയ ആവശ്യങ്ങൾക്കായി ഈ തുക വിനിയോഗിക്കും.
ഇന്ത്യയിലെയും ലോകത്തിലെയും ഗുരുതരസ്ഥിതി പരിഗണിച്ചാണ് തീരുമാനമെന്ന് രത്തൻ ടാറ്റയും ചന്ദ്രശേഖരനും വ്യക്തമാക്കി. രാജ്യത്തെ ആവശ്യങ്ങൾ മുൻനിർത്തിയാണ് ടാറ്റ മുമ്പും പ്രവർത്തിച്ചിട്ടുള്ളത്. ഇപ്പോഴത്തെ വിഷമഘട്ടം അസാധാരണമാണ്. സ്ഥിതി അതിഗുരുതരമാണ്. മനുഷ്യരാശി നേരിടുന്ന ഈ വെല്ലുവിളി നേരിടാൻ അടിയന്തരസഹായം എത്തിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു.
ടാറ്റയ്ക്കുപുറമെ വിവിധ കോർപ്പറേറ്റ് കമ്പനികളും കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ അണിനിരക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും ചികിത്സാ സൗകര്യം ഒരുക്കുന്നതിന് സഹായം വാഗ്ദാനം ചെയ്തിരുന്നു. മഹീന്ദ്ര റിസോർട്ടുകൾ ചികിത്സാ കേന്ദ്രങ്ങളാക്കാൻ അദ്ദേഹം അനുമതിനൽകിയിട്ടുണ്ട്. വെന്റിലേറ്ററുകളുടെ ഉത്പാദനത്തിനും കമ്പനി സഹായം നൽകും.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഐസൊലേഷൻ കേന്ദ്രത്തിനായി ഒരു ആശുപത്രി വിട്ടുനൽകി. അഞ്ചു കോടി രൂപ മഹാരാഷ്ട്ര സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായും നൽകി. എഫ്.എം.സി.ജി. കമ്പനികളായ ഐ.ടി.സി., എച്ച്.യു.എൽ., ഗോദ്റെജ് എന്നിവ സർക്കാരിന് ചികിത്സയ്ക്കാവശ്യമായ വസ്തുക്കൾ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
ഡൽഹിയിലെ അഗ്വ കമ്പനിയുമായി ചേർന്ന് വെന്റിലേറ്റർ ഉത്പാദിപ്പിക്കാൻ മാരുതി സുസുക്കി സന്നദ്ധത അറിയിച്ചു. സർക്കാരിന്റെ അഭ്യർഥനമാനിച്ച് മാസം 10,000 വെന്റിലേറ്റർ ഉത്പാദിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിനുള്ള സാങ്കേതികവിദ്യ അഗ്വ ഹെൽത്ത്കെയർ നൽകും. മാരുതി സുസുക്കി ലിമിറ്റഡും അശോക് കപൂറും ചേർന്നുള്ള സംയുക്ത സംരംഭമായ കൃഷ്ണ മാരുതി ലിമിറ്റഡ് 3 – പ്ലൈ മാസ്കുകൾ നിർമിച്ചുനൽകും. അശോക് കപൂർ രണ്ടു ലക്ഷം മുഖാവരണങ്ങൾ സ്വന്തം നിലയിലും വാഗ്ദാനം ചെയ്തിട്ടുണ്ട്.