ഗാന്ധിനഗര്‍: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ (92) അന്തരിച്ചു. അഹമ്മദാബാദിലെ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. മുതിര്‍ന്ന ബിജെപി നേതാവും രണ്ടുതവണ ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്നു.
നെഞ്ചുവേദനയെ തുടർന്ന് അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. രോഗബാധിതനായ അദ്ദേഹം ദീർഘകാലമായി ചികിത്സയിൽ ആയിരുന്നു. പ്രോസ്‌റ്റേറ്റ് കാൻസർ ബാധിതനുമായിരുന്നു അദ്ദേഹം.സെപ്റ്റംബറിൽ അദ്ദേഹത്തിന് കൊറോണ ബാധിച്ചിരുന്നു.
1995ലും 1998 മുതല്‍ 2001 വരെയുമാണ് കേശഭായ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രി പദം വഹിച്ചത്. ആറ് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
2012-ല്‍ ബിജെപിയുമായി ഉടക്കി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. തുടർന്ന് ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി രൂപീകരിച്ചു. 2012-ലും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പക്ഷേ, അനാരോഗ്യം കാരണം 2014ല്‍ രാജിവയ്ക്കുകയായിരുന്നു. കേശുഭായ് പട്ടേലിനു പിൻഗാമിയായാണ് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയത്.
ഗുജറാത്തിലെ ജുനഗഢിൽ 1928ലായിരുന്നു കേശുഭായ് പട്ടേലിന്റെ ജനനം. ജനസംഘത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. ജനസംഘത്തിന്റെ സ്ഥാപക അംഗമാണ്.
കേശുഭായ് പട്ടേലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ഗുജറാത്തിന്റെ വളർച്ചയ്‌ക്കും ഗുജറാത്തിലെ ജനങ്ങൾക്കും വേണ്ടി ജീവിതം സമർപ്പിച്ച നേതാവാണ് കേശുഭായ് പട്ടേൽ എന്ന് മോദി പറഞ്ഞു.