ന്യൂഡെല്‍ഹി: ഗുജറാത്ത് കലാപകാലത്ത് കൂട്ട ബലാത്സംഗത്തിനിരയായ ബില്‍കീസ് ബാനുവിന് പരാതികള്‍ക്ക് പരിഹാരം കാണാന്‍ സംസ്ഥാന അധികാരികളെ സമീപിക്കാമെന്ന് സുപ്രീംകോടതി. ഗുജറാത്ത് സര്‍ക്കാര്‍ വാഗ്ദാനംചെയ്ത തൊഴിലവസരവും താമസസൗകര്യവും നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിനെ സമീപിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപണ്ണ, വി. രാമസുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ച് ബാനുവിൻ്റെ അഭിഭാഷക ശോഭ ഗുപ്തയെ അറിയിച്ചു.
കോടതി നിര്‍ദേശപ്രകാരം ബില്‍കീസിന് 50 ലക്ഷം രൂപയും ജോലിയും നല്‍കിയിട്ടുണ്ടെന്ന് കഴിഞ്ഞ ഒക്ടോബര്‍ 12ന് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.എന്നാല്‍, സര്‍ക്കാര്‍ അനുവദിച്ച താമസസ്ഥലവും ജോലിയും തൃപ്തികരമല്ലെന്നു കാട്ടിയാണ് ബാനു വീണ്ടും കോടതിയെ സമീപിച്ചത്.
കോടതിനിര്‍ദേശപ്രകാരം കൃത്യമായ നഷ്ടപരിഹാരം ബില്‍കീസ് ബാനുവിന് കൈമാറിയിട്ടുണ്ടെന്ന് സര്‍ക്കാറിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നേരത്തേ കോടതിയെ അറിയിച്ചിരുന്നു.