ന്യൂഡെൽഹി: ഒന്നാം ഘട്ടത്തിലെ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ ബിഹാറിൽ പ്രതീക്ഷ പുലർത്തി ഇരുമുന്നണികളും. എൻഡിഎ മുന്നണി വീണ്ടും ഭൂരിപക്ഷം നേടി അധികാരം നിലനിർത്തുമെന്ന് അഭിപ്രായ സർവേകൾ പുറത്ത് വന്നെങ്കിലും വിജയം നേടാൻ അന്തിമ പോരാട്ടത്തിലാണ് ആർജെഡി- കോൺഗ്രസ് സഖ്യം. മൂന്ന് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിലെ പ്രചാരണം ഇന്ന് അവസാനിക്കുകയാണ്.
മടങ്ങിയെത്തിയ തൊഴിലാളികളുടെ ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാനാവുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് സഖ്യം. എന്നാൽ ഞാറയാഴ്ച പുറത്തു വന്ന അഭിപ്രായ സർവേകൾ ബിജെപി സഖ്യത്തിന് കൂടുതൽ ആത്മവിശ്വാസം പകരുന്നു. എൽജെപിയുടെ സ്വാധീനം തെരഞ്ഞെടുപ്പിൽ ആർക്ക് അനുകൂലമാകുമെന്നതും ചർച്ചയാണ്.
ബിജെപി- ജെഡിയു സഖ്യം 147 സീറ്റുകൾ വരെ നേടുമെന്ന് ടൈംസ് നൗ- സീ വോട്ടർ സർവേ പറയുന്നു. എൻഡിഎ 139- 159 സീറ്റുകൾ വരെ നേടിയേക്കാമെന്നാണ് എബിപി- സീ വോട്ടർ സർവേയും പ്രവചിച്ചിരിക്കുന്നത്.
77 സീറ്റുകളുമായി ബിജെപി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായേക്കും. ജെഡിയു 66 സീറ്റുകൾ വരെ നേടും, മുന്നണിയിലെ മറ്റ് കക്ഷികൾ ഏഴ് സീറ്റുകൾ വരെ നേടിയേക്കാമെന്നും ടൈസ് നൗ സർവേ പറയുന്നു.
ആർജെഡി- കോൺഗ്രസ് നയിക്കുന്ന മഹാസഖ്യത്തിന് 87, മറ്റുള്ളവ ഒൻപത് എന്നിങ്ങനെയാണ് പ്രതിപക്ഷ കക്ഷികൾക്ക് ലഭിച്ചേക്കാവുന്ന സീറ്റുകൾ. തേജസ്വി നയിക്കുന്ന ആർജെഡി 60 സീറ്റുകൾ വരെ നേടാൻ സാധ്യത നിലനിൽക്കെ കോൺഗ്രസിന്റെ സ്വാധീനം കുറഞ്ഞേക്കുമെന്നും 16 സീറ്റുകളിലേക്ക് ചുരുങ്ങിയേക്കാമെന്നും അഭിപ്രായ സർവേ പറയുന്നു. മഹാസഖ്യത്തിന്റെ ഭാഗമായ ഇടതു മുന്നണിക്ക് 11 സീറ്റുകൾ വരേയും ലഭിച്ചേക്കാം.
ചിരാഗ് പാസ്വാൻ നയിക്കുന്ന എൽജെപി മൂന്ന് സീറ്റുകൾ വരെ ലഭിക്കാനുള്ള സാധ്യതയാണ് സർവേ ചൂണ്ടിക്കാണിക്കുന്നത്.
ടൈംസ് നൗ സർവേ പ്രകാരം ഏറ്റവും കൂടുതൽ വോട്ട്ശതമാനം ലഭിക്കുന്ന പാർട്ടി ആർജെഡി (24.1%)ആണ്. ബിജെപി- 21.6%, ജെഡിയു- 18.3% എന്നിങ്ങനെയാണ് മറ്റ് പ്രമുഖ കക്ഷികൾക്ക് ലഭിച്ചേക്കാവുന്ന വോട്ട് ശതമാനം.
അതേസമയം മഹാസഖ്യം 77- 98 സീറ്റുകൾ വരെ നേടിയേക്കാമെന്നാണ് എബിപി- സീ വോട്ടർ സർവേ പറയുന്നത്. എൽജെപിക്ക് അഞ്ച് സീറ്റുകളിൽ ഒതുങ്ങേണ്ടിവരും. 73- 81 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ കക്ഷിയാകും. ജെഡിയു 59- 67 സീറ്റുകൾ നേടും. ആർജെഡി-56- 64, കോൺഗ്രസ് 12- 20, ഇടതു മുന്നണി 9- 14 സീറ്റുകൾ വരെ നേടിയേക്കാമെന്നും എബിപി-സീ വോട്ടർ സർവേ പറയുന്നു.
ഒക്ടോബർ ഒന്ന് മുതൽ 23 വരെ സംസ്ഥാനത്തെ 30,678 പേരിൽ നടത്തിയ അഭിപ്രായ സർവേ ഫലമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഒക്ടോബർ 28 മുതൽ നവംബർ എഴ് വരെ മൂന്ന് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവബർ എട്ടിനാണ് ഫല പ്രഖ്യാപനം.