നാഗ്പുർ: പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭങ്ങൾക്കു വീണ്ടും തീപിടിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. ദസറയോട് അനുബന്ധിച്ചു പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ഭാഗവത്.
നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തുനിന്നുള്ള അഭിസംബോധനയിൽ
കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്ത് നടന്ന പ്രധാന സംഭവങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു ഭാഗവതിന്റെ പരാമർശങ്ങൾ.
സിഎഎയെ ഉപയോഗിച്ച് പ്രതിഷേധത്തിന്റെ പേരിൽ രാജ്യത്ത് സംഘടിത അക്രമങ്ങളാണ് നടന്നത്. 2019-ൽ ആർട്ടിക്കിൾ 370 റദ്ദാക്കപ്പെട്ടു. പിന്നാലെ സുപ്രീംകോടതിയുടെ അയോധ്യ വിധി വന്നു. രാജ്യം മുഴുവൻ ആ വിധിയെ സ്വാഗതം ചെയ്തു. ഈ വർഷം ഓഗസ്റ്റ് അഞ്ചിന് രാമക്ഷേത്രത്തിന് തറക്കല്ലിട്ടു-
സിഎഎ വിരുദ്ധ സമരങ്ങൾ രാജ്യത്ത് പ്രതിസന്ധിയുണ്ടാക്കി. ഇതുസംബന്ധിച്ചു കൂടുതൽ ചർച്ചകൾ നടക്കുന്നതിനു മുന്പുതന്നെ കൊറോണ പ്രതിസന്ധി വന്നു. കൊറോണ എല്ലാ വിഷയങ്ങളെയും അപ്രസക്തമാക്കിയെന്നും ഭാഗവത് ചൂണ്ടിക്കാട്ടി.
സിഎഎ ഒരു പ്രത്യേക സമുദായത്തിന് എതിരല്ല. എന്നാൽ ഇതിനെ എതിർക്കുന്ന ഒരു വിഭാഗം സിഎഎ മുസ്ലിം ജനസംഖ്യ നിയന്ത്രിക്കാനുള്ളതാണെന്നു വരുത്തിത്തീർത്തുവെന്നും ഭാഗവത് ആരോപിച്ചു.