പട്ന: ബീഹാറിൽ ഭരണവിരുദ്ധ തരംഗം ആഞ്ഞടിക്കുകയാണ്. കേരളത്തിൽ നിന്നും തിരിച്ചെത്തിയവർ സർക്കാരിനും ബിജെപിക്കുമെതിരേ നിലകൊണ്ടതോടെ സർവ്വേ റിപ്പോർട്ടുകൾ കീഴ്മേൽ മറിയുമെന്ന് സൂചന. കൊറോണ ലോക്ഡൗൺ കാലത്തു നാട്ടിലേക്കു തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളികളാണ് ഭരണവിരുദ്ധ വികാരത്തിന്റെ ഉറവിടമെന്നും എൻഡിഎ തിരിച്ചറിയുന്നു. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ആർജെഡി നേതാവ് തേജസ്വി യാദവ് കത്തി പടരുകയാണ്. ഇതോടെ ഫലം പ്രവചനാതീതമായി
മഹാമാരി ഭയന്ന് ലോക്ഡൗണിന്റെ ആദ്യഘട്ടത്തിൽ കാൽനടയായി തിരിച്ചെത്തിയ തൊഴിലാളികളെ സംസ്ഥാന അതിർത്തിയിൽ അടിച്ചോടിച്ച ബിഹാർ പൊലീസ് നടപടിയാണു നിതീഷിനും എൻഡിഎയ്ക്കും വിനയാകുന്നത്. ലോക്ഡൗൺ കാലത്ത് തൊഴിലുകൾ തടഞ്ഞ പൊലീസ്‍ രാജ് ഗ്രാമമേഖലകളിൽ സർക്കാരിനോടു കടുത്ത അമർഷമുളവാക്കിയിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനപ്രീതിക്കു കോട്ടം തട്ടിയ സാഹചര്യത്തിൽ ബിഹാറിൽ എൻഡിഎയ്ക്ക് ഇനി പ്രതീക്ഷ മോദി മാജിക്കിലാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിഹാർ തിരഞ്ഞെടുപ്പു റാലികൾ ഇന്നാരംഭിക്കുമ്പോൾ ഏറെ ആകാംക്ഷയിലുമാണ് എൻഡിഎ നേതൃത്വം. സസാറാം, ഗയ, ഭാഗൽപുർ എന്നിവിടങ്ങളിലാണു ഇന്നു മോദിയുടെ റാലികൾ.
ഇന്നത്തെ റാലികൾക്കു ശേഷം ബിഹാറിൽ ആദ്യ രണ്ടു ഘട്ട തിരഞ്ഞെടുപ്പുകൾ നടക്കുന്ന 28, നവംബർ 3 തീയതികളിലും മോദിയുടെ റാലികളുണ്ട്. ഫലത്തിൽ ആദ്യ രണ്ടു ഘട്ട വോട്ടെടുപ്പുകളിലും വോട്ടർമാർ പോളിങ് ബൂത്തിലേക്കു പോകുമ്പോൾ ടിവി ചാനലുകളിൽ മോദി റാലിയുടെ തത്സമയ സംപ്രേഷണമുണ്ടാകും.
15 വർഷ ഭരണം പൂർത്തിയാകുമ്പോൾ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ഗ്രാമീണ മേഖലകളിൽ ഭരണവിരുദ്ധ വികാരം ശക്തമാണെന്നു ആദ്യ ഘട്ട പ്രചാരണത്തിൽ തന്നെ വ്യക്തമായിക്കഴിഞ്ഞു. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവിന്റെ റാലികളിലെ യുവജന പങ്കാളിത്തവും ആവേശവും എൻഡിഎയെ അമ്പരപ്പിക്കുന്നുണ്ട്. നിതീഷ് കുമാറിന്റെ റാലികൾക്കാകട്ടെ അണികളുടെ തണുപ്പൻ പ്രതികരണവും.
സർക്കാരിന്റെ പ്രവർത്തനം ഇഷ്ടപ്പെട്ടെങ്കിൽ മാത്രം വോട്ടു ചെയ്താൽ മതിയെന്ന അഹംഭാവ പൂർണമായ പ്രസംഗശൈലിയിൽ നിതീഷും മാറ്റം വരുത്തി. ലാലുവിന്റെ ജംഗിൾ രാജിനെ ഓർമിപ്പിച്ചും തന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുമാണു നിതീഷ് ഇപ്പോൾ വോട്ടു തേടുന്നത്.
റാലികളിൽ ആ സമയത്തെ പീഡനങ്ങൾ എണ്ണിപ്പറഞ്ഞു ജനരോഷം പരമാവധി ഇളക്കിവിടാനാണു തേജസ്വി യാദവിന്റെ ശ്രമം. നിതീഷ് അവകാശപ്പെടുന്ന വികസനം ഒന്നുമല്ലെന്നു ഗ്രാമവാസികൾക്കിടയിൽ പ്രചരിപ്പിക്കുന്നതു ഡൽഹിയിലും മുംബൈയിലും കേരളത്തിലും നിന്നു തിരിച്ചെത്തിയ തൊഴിലാളികളാണെന്നും എൻഡിഎ പ്രവർത്തകർ തിരിച്ചറിയുന്നു.
ഡെൽഹിയിൽ ആംആദ്മി സർക്കാർ പാവപ്പെട്ടവർക്കായി നടപ്പാക്കിയ പദ്ധതികളുമായി ഇവർ നിതീഷിന്റെ നേട്ടങ്ങളെ താരതമ്യം ചെയ്യുന്നു. ഡൽഹിയിലെ സർക്കാർ സ്കൂളുകളിലെയും മൊഹല്ല ക്ലിനിക്കുകളിലെയും ആധുനിക സൗകര്യങ്ങളാണ് യഥാർഥ വികസനമെന്നു മടങ്ങിയെത്തിയ തൊഴിലാളികൾ ബോധവൽകരിക്കുന്നതാണ് നിതീഷിന്റെ സദ്ഭരണ അവകാശവാദങ്ങൾ പൊളിക്കുന്നത്.