വിജയ് സേതുപതിയുടെ പ്രായപൂർത്തിയാകാത്ത മകൾക്കെതിരേ ബലാത്സം​ഗ ഭീഷണി

ചെന്നൈ: ശ്രീലങ്കൻ സ്പിന്നിങ്ങ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 800 എന്ന ചിത്രത്തിൽനിന്ന് വിജയ് സേതുപതി പിൻമാറിയതിന് പിന്നാലെ അദ്ദേഹത്തിന്റെ പ്രായപൂർത്തിയാകാത്ത മകൾക്കെതിരേ ട്വിറ്ററിൽ ബലാത്സം​ഗ ഭീഷണി. റിഥിക് എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് സേതുപതിയുടെ മകൾക്കെതിരേ ഭീഷണി വന്നിരിക്കുന്നത്. ശ്രീലങ്കയിലെ തമിഴർ നയിക്കുന്ന ദുഷ്കരമായ ജീവിതം അവളുടെ പിതാവ് മനസിലാക്കാൻ വേണ്ടി മകളെ ബലാത്സം​ഗം ചെയ്യുമെന്നാണ് ഭീഷണി.

ഇതിന് പിന്നാലെ ഈ അക്കൗണ്ടിന് പിന്നിലുള്ള വ്യക്തിയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി
ഉപയോക്താക്കളാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഡിഎംകെ എം.പി സെന്തിൽ കുമാർ, ​ഗായിക ചിന്മയി തുടങ്ങി നിരവധി പേർ ഈ ആവശ്യമുന്നയിച്ച് രം​ഗത്തെത്തി.

മുരളീധരന്റെ ജീവചരിത്ര സിനിമയിൽ സേതുപതി നായകനായെത്തുന്നതിനെതിരേ കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ അദ്ദേഹത്തോട് ചിത്രത്തിൽനിന്ന് പിൻമാറണമെന്ന് അഭ്യർഥിച്ച് മുരളീധരൻ തന്നെ രം​ഗത്തെത്തിയിരുന്നു.

800 പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വിജയ് സേതുപതിയെ ബഹിഷ്കരിക്കാൻ സമൂഹ മാധ്യമങ്ങളിൽ ഹാഷ് ടാഗ് കാമ്പയിനുകൾ സജീവമായി. ‘ഷെയിം ഓൺ യൂ’, ‘ബോയ്കോട്ട് വിജയ് സേതുപതി’ തുടങ്ങിയ ഹാഷ്​ഗാടുകൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.