ന്യൂഡെൽഹി: കോറോണ വ്യാപനം രാജ്യത്ത് 2021 ഫെബ്രുവരിയോടെ നിയന്ത്രിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ വിലയിരുത്തൽ. രാജ്യത്ത് കൊറോണ വ്യാപനത്തിൻ്റെ ഉയർന്ന നിരക്ക് പിന്നിട്ടെന്നും സമിതി വ്യക്തമാക്കുന്നു.
ഫെബ്രുവരിയോടെ കോറോണ രോഗികളുടെ എണ്ണം 1.06 കോടി വരെ എത്താം. ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് രോഗ വ്യാപനത്തിന്റെ തോത് ഒരു പരിധിവരെ പിടിച്ചുനിർത്തിയെന്നും സമിതി വിലയിരുത്തി. നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം കുറഞ്ഞു. 783311 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 88.03 ശതമാനത്തിലെത്തിയതും ആശ്വാസകരമാണ്.
അതേസമയം പ്രതിദിന കൊറോണ രോഗികളുടെ എണ്ണത്തിൽ ഇന്ത്യക്ക് ആശ്വാസമാണ് പുറത്ത് വരുന്ന കണക്കുകള്‍. രണ്ടു മാസത്തിന് ശേഷം പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇന്ത്യ വീണ്ടും അമേരിക്കയ്ക്ക് പിന്നിലായി.71 ദിവസത്തിന് ശേഷമാണ് പ്രതിദിന രോഗബാധയിൽ ഇന്ത്യ അമേരിക്കയ്ക്ക് പിന്നിൽ എത്തുന്നത്.
പ്രതിദിന രോഗികളുടെ എണ്ണം ഇന്ത്യയിൽ ഒരുലക്ഷത്തിന് അടുത്ത് വരെ എത്തിയിരുന്നു. ബ്രസീലിനെയും അമേരിക്കയെയും പിന്തള്ളി രോഗികളുടെ എണ്ണം രാജ്യത്ത് ഉയർന്നത് വലിയ ആശങ്കയായിരുന്നു. എന്നാൽ ഇപ്പോൾ രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വേഗത്തിലുള്ള കുതിപ്പ് രാജ്യത്തിന് ആശ്വാസകരമാണ്. ഇന്നലെ ഇന്ത്യയിൽ 62,212 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. എന്നാൽ അമേരിക്കയിൽ ഇത് ഏഴുപതിനായിരത്തിലെത്തി.