ഹാഥ്റസ് സംഭവത്തിൽ പ്രതിഷേധിച്ച് യുപിയിൽ 236 ദളിതർ ബുദ്ധമതം സ്വീകരിച്ചു

ഹാഥ്റസ്: ഉത്തര്‍പ്രദേശ് ഹാഥ്റസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച്‌ വാത്മീകി വിഭാഗത്തില്‍പ്പെട്ട 236 പേര്‍ ബുദ്ധമതം സ്വീകരിച്ചു. ഉത്തര്‍പ്രദേശിലെ ഖാസിയാബാദ് ജില്ലയിലെ കര്‍ഹേര ഗ്രാമത്തിലെ വാകത്മീകി സമുദായംഗങ്ങളാണ് ഹിന്ദുമതം ഉപേക്ഷിച്ച്‌ ബുദ്ധമതം തിരഞ്ഞെടുത്തത്.

രാജ് രത്‌ന അംബേദ്കറിന്റേയും ബുദ്ധസന്യാസികളുടേയും ബുദ്ധിസ്റ്റ് സൊസൈറ്റി അധികൃതരുടേയും സാന്നിധ്യത്തിലാണ് ഇവര്‍ ബുദ്ധമതം സ്വീകരിച്ചത്.
ഞങ്ങള്‍ എത്ര പഠിച്ചാലും എന്ത് തൊഴില്‍ ചെയ്താലും വിപ്ലവം കാണിച്ചാലും ശരി ഞങ്ങളെ എല്ലാവരും അവരേക്കാള്‍ താഴെയുള്ളവരായിട്ടാണ് പരിഗണിക്കുന്നത്.ഞങ്ങള്‍ മറ്റുള്ളവര്‍ക്ക് തുല്യരായ പൗരന്മാരല്ല എന്ന് ഞങ്ങള്‍ക്ക് തന്നെ തോന്നലുണ്ടാകുന്നു.

ഹാഥ്റസ് ബലാത്സംഗക്കേസിന്റെ കാര്യമായാലും, ദളിതർക്കെതിരെയുള്ള മറ്റ് കേസുകളിലായാലും, ഞങ്ങള്‍ ഓരോ ദിവസവും ഓരോ ഇടത്തും വിവേചനം അനുഭവിക്കേണ്ടി വരുന്നുവെന്ന് ദളിതർ ബുദ്ധമതം സ്വീകരിച്ച സംഭവത്തെ സ്വാഗതം ചെയ്തുകൊണ്ട് ബുദ്ധിസ്റ്റ് സൊസൈറ്റി പ്രവര്‍ത്തകര്‍ പറഞ്ഞു.

1956 മുതലാണ് ജാതിവിവേചനത്തിനെതിരെ ദളിതർ ബുദ്ധമതം സ്വീകരിക്കുന്നത് ഒരു രാഷ്ട്രീയ തീരുമാനമായിക്കണ്ടു തുടങ്ങുന്നത്. ആ വര്‍ഷം അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ചതോടെ ഹിന്ദുമതം ഉപേക്ഷിക്കല്‍ മാത്രമാണ് ജാതിയില്‍ നിന്ന് മോചനം നേടാനുള്ള ഏകമാര്‍ഗ്ഗമെന്ന് വിശ്വസിച്ചഒരു വിഭാഗം ബുദ്ധമതം സ്വീകരിച്ചിരുന്നു. 2018 മുതല്‍ രാജ്യത്ത് ദലിതര്‍ക്കെതിരെയുള്ള അക്രമസംഭവങ്ങളില്‍ 7.3 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ക്കൂടിയാണ് ഹിന്ദുമതം ഉപേക്ഷിക്കുന്നതെന്ന് ബുദ്ധമതം സ്വീകരിച്ചശേഷം പ്രതിഷേധക്കാര്‍ പറഞ്ഞു.

ജാതി വിവേചനം എല്ലാ തലങ്ങളിലും നടക്കുന്നുണ്ട്. പോലിസ്, ഭരണകൂടം, സര്‍ക്കാര്‍ എന്നിങ്ങനെ എല്ലാ സ്ഥാപനങ്ങളിലും സവര്‍ണ്ണ ആധിപത്യമാണുള്ളത്. ദളിതർക്കെതിരേ നടക്കുന്ന എല്ലാ അക്രമങ്ങള്‍ക്കു നേരെയും അതിനാല്‍ത്തന്നെ അധികാരികള്‍ കണ്ണടയ്ക്കുന്നു. ഹാഥ്റസിലെ കേസിലെ പോലെ അവര്‍ തന്നെ മര്‍ദ്ദകരായി മാറുമെന്ന് ബുദ്ധമതം സ്വീകരിച്ച സംഘത്തിന്റെ പ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞു.