ചണ്ഡിഗഢ്: അടൽ തുരങ്കത്തിൽ നിന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേര് രേഖപ്പെടുത്തിയ ഫലകം നീക്കം ചെയ്തതിനെതിരെ ഹിമാചലിലെ കോൺഗ്രസ് ഘടകം പ്രതിഷേധവുമായി രംഗത്ത്. നീക്കം ചെയ്ത ഫലകം എത്രയും വേഗം പുന:സ്ഥാപിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് പിസിസി അധ്യക്ഷൻ കുൽദീപ് സിങ് റാത്തോഡ് മുഖ്യമന്ത്രി ജയ്റാം ഠാക്കൂറിന് കത്തെഴുതി.
ഒക്ടോബർ മൂന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അടൽ തുരങ്കത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടനത്തിന് മുന്നോടിയായി തുരങ്കപാതയുടെ ശിലാസ്ഥാപനം നിർവഹിച്ച സോണിയാഗാന്ധിയുടെ പേര് ആലേഖനം ചെയ്ത ഫലകം
തുരങ്കത്തിൽ നിന്ന് നീക്കം ചെയ്തതായാണ് കോൺഗ്രസിന്റെ ആരോപണം. 2010 ജൂൺ 28-ന് മനാലിയിലെ ധുണ്ഡിയിൽ സോണിയാ ഗാന്ധിയാണ് തുരങ്കപാതയുടെ ശിലാസ്ഥാപനം നടത്തിയത്.
ഇത്തരത്തിൽ ശിലാഫലകം നീക്കം ചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണ്. പാരമ്പര്യത്തിന് നിരക്കാത്തതതും നിയമവിരുദ്ധവുമാണ് -കുൽദീപ് പറഞ്ഞു. വളരെയേറെ തന്ത്രപ്രാധാന്യമുളള അടൽ തുരങ്കം മനാലിയെ ലാഹൗൾ സ്പിറ്റി താഴ്വരയുമായി ബന്ധിപ്പിക്കുന്നതാണ്. മാത്രമല്ല ലേയിലേക്കുളള യാത്രാസമയം അഞ്ചുമണിക്കൂർ വരെ കുറയ്ക്കാനും സാധിക്കും.
മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സ്മരണയിലാണ് അടൽ ടണലെന്ന് ഇതിന് പേരിട്ടത്. ലോകത്തിലെ ഏറ്റവും നീളമേറിയ ഹൈആൾട്ടിറ്റിയൂഡ് തുരങ്കമാണ് ഇത്.