ലക്നൗ: ഹാഥ്രസില്‍ മേല്‍ജാതിക്കാരുടെ ആക്രമണത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം തങ്ങളുടെ അനുമതിയില്ലാതെ പൊലീസ് സംസ്കരിക്കുകയായിരുന്നെന്ന് കുടുംബം കോടതിയെ അറിയിച്ചു. അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചില്‍ നേരിട്ടു ഹാജരായാണ് കുടുംബാംഗങ്ങള്‍ മൊഴി നല്‍കിയത്.
തങ്ങളുടെ അനുമതിയില്ലാതെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിക്കുകയായിരുന്നെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ ഇതിനായി സമ്മര്‍ദം ചെലുത്തി. സംസ്കാരത്തില്‍ പങ്കെടുക്കാന്‍ പൊലീസ് തങ്ങളെ അനുവദിച്ചില്ലെന്ന് അവര്‍ കോടതിയെ അറിയിച്ചു.
ഉത്തര്‍പ്രദേശ് ഡിജിപി, ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി, ജില്ലാ കലക്ടര്‍, എസ്പി എന്നിവരുടെ സാന്നിധ്യത്തിലാണ് കുടുംബം കോടതിയില്‍ മൊഴി നല്‍കിയത്. രാത്രിയില്‍ സംസ്കാരം നടത്തിയതിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നതായി ജില്ലാ കലക്ടര്‍ കോടതിയെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ഡിജിപി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ മൊഴിയും കോടതി രേഖപ്പെടുത്തി. കേസ് വീണ്ടും നവംബര്‍ രണ്ടിനു പരിഗണിക്കും.