കടയ്ക്കാവൂര്‍: ഒരു ജോലി എന്ന ആവശ്യവുമായി പ്രധാനമന്ത്രിയെ കാണാന്‍ വീടുവിട്ടിറങ്ങിയ യുവതിയെ വിജയവാഡ റെയില്‍വേസ്റ്റേഷനില്‍ വച്ചു പൊലീസ് കണ്ടെത്തി. എം എ, ബി എഡ് ബിരുദധാരിയായ അഞ്ചുതെങ്ങ് നെടുങ്ങണ്ട സ്വദേശി അജിത എന്ന മുപ്പത്തിമൂന്നുകാരിയാണ് വീടുവിട്ടിറങ്ങിയത്. യുവതിയെ ഇന്ന് നാട്ടിലെത്തിക്കും.
കേരളത്തില്‍ തനിക്ക് ജോലി കിട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചതോടെയാണ് വീടുവിട്ടിറങ്ങിയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
പൊലീസ് പറയുന്നത്: പാവപ്പെട്ട കുടുംബത്തില്‍പ്പെട്ട അജിത വിവാഹമോചിതയായി കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. വീടുകളില്‍ ട്യൂഷനെടുത്താണ് ഇത്രയും കാലം കുടുംബം പുലര്‍ത്തിയിരുന്നത്. പലതവണ പിഎസ് സി പരീക്ഷയെഴുതിയെങ്കിലും റാങ്ക് ലിസ്റ്റില്‍ ഇടം നേടാത്തതിന്റെ മനോവിഷമത്തിലായിരുന്നു യുവതിയെന്ന് ബന്ധുക്കള്‍ പറയുന്നു. രണ്ട് ദിവസം മുന്‍പ് ആരോടും പറയാതെ യുവതി വീടുവിട്ടിറങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ യുവതിയെ കാണാനില്ലെന്ന് കാട്ടി അഞ്ചുതെങ്ങ് പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യുവതി ന്യൂഡല്‍ഹിക്ക് ടിക്കറ്റ് എടുത്തതായി കണ്ടെത്തി. റെയില്‍വേ പൊലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.