രാഹുലും പ്രിയങ്കയും ഹാഥ് രസിലേക്ക് ; തടഞ്ഞാൽ നടന്നു പോകുമെന്ന് നേതാക്കൾ

ന്യൂഡെല്‍ഹി : ഉത്തര്‍പ്രദേശിലെ ഹാഥ് രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പുറപ്പെട്ടു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും രാഹുലിനൊപ്പമുണ്ട്.

വാഹനം തടഞ്ഞാല്‍ നടന്നു പോകുമെന്നും, പെണ്‍കുട്ടിയുടെ കുടുംബത്തെ കാണുമെന്നും നേതാക്കൾ പറഞ്ഞു. ഹാഥ് രസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണുന്നതിന് ലോകത്തെ ഒരു ശക്തിക്കും തന്നെ തടയാനാകില്ലെന്ന് രാഹുല്‍ഗാന്ധി രാവിലെ അഭിപ്രായപ്പെട്ടിരുന്നു.

രാഹുലിന്റെ ഹാഥ്‌രസ് യാത്ര തടയുക ലക്ഷ്യമിട്ട് ഡല്‍ഹി- നോയിഡ അതിര്‍ത്തി യുപി പൊലീസ് അടച്ചു. ദേശീയപാതയില്‍ ബാരിക്കേഡുകള്‍ വെച്ച് വഴി ബ്ലോക്ക് ചെയ്തു. നൂറുകണക്കിന് പൊലീസുകാരെയും അതിര്‍ത്തി റോഡില്‍ വിന്യസിച്ചു. രാഹുലിന്റെ വാഹനം ഒരു കാരണവശാലും ഹാഥ് രസില്‍ പ്രവേശിക്കരുതെന്നാണ് പൊലീസിന് നല്‍കിയ നിര്‍ദേശമെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന കനത്ത ബന്തവസ്സില്‍ ഇളവു വരുത്തി. ഗ്രാമത്തില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ മാറ്റി. മാധ്യമപ്രവര്‍ത്തകര്‍ക്ക് പെണ്‍കുട്ടിയുടെ വീട്ടില്‍ പോകുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനവും നീക്കിയിട്ടുണ്ട്. യുപി സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് നിയന്ത്രണം ഒഴിവാക്കിയതെന്നാണ് പൊലീസ് അറിയിച്ചത്.

സംഭവങ്ങളുടെ നിജസ്ഥിതി നേരില്‍ മനസ്സിലാക്കുന്നതിനായി യു പി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് അവസ്തി, യുപി ഡിജിപി എച്ച് സി അവസ്തി എന്നിവര്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലെത്തി. കുടുംബാംഗങ്ങളുടെ പരാതികള്‍ അവര്‍ കേട്ടു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ യുവതിയുടെ വീട് സന്ദര്‍ശിച്ചത്.