ഡെൽഹി കലാപക്കേസ് ; ഉമര്‍ ഖാലിദിനെ ഒക്ടോബര്‍ 22 വരെ ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡെൽഹി: ഡെൽഹി കലാപക്കേസില്‍ യുഎപിഎ ചുമത്തിയ മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെ ഒക്ടോബര്‍ 22 വരെ ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ വെയ്ക്കും. ഭീകരവിരുദ്ധ നിയമത്തിന്റെ വകുപ്പു ചേര്‍ത്താണ് ഉമര്‍ ഖാലിദിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹം, കൊലപാതകം, കൊലപാതകശ്രമം, മതത്തിന്റെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ശത്രുത വളർത്തുക, കലാപം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

വീഡിയോ കോണ്‍ഫറന്‍സ് വഴി ജസ്റ്റിസ് അമിതാഭ് റാവത്തിന്റെ ബഞ്ചാണ് ഇയാളെ തിരികെ ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഈ മാസം 13നാണ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തത്. ഡെൽഹി കലാപം ആസുത്രണം ചെയ്യുന്നതിനുള്ള മുന്നൊരുക്കത്തില്‍ ഉമര്‍ ഖാലിദിനും പങ്കുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്.

രണ്ടു സ്ഥലങ്ങളിലായി പ്രകോപനപരമായ പ്രസംഗം നടത്തിയ ഖാലിദ് കാലപത്തിന് പ്രചോദനം നല്‍കിയെന്നും പോലീസ് പറയുന്നു. കലാപത്തിനായുള്ള ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ശേഖരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഉമര്‍ ഖാലിദടങ്ങുന്ന സംഘത്തിന് പങ്കുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു.

ഫെബ്രുവരി 24നാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ കലാപം നടത്തിയത്. കലാപത്തില്‍ 53പേര്‍ കൊല്ലപ്പെടുകയും 200 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.