കൊറോണ: അടുത്ത കേന്ദ്രം ഇന്ത്യയാകാമെന്ന് വിദഗ്ധൻ

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ അടുത്ത കേന്ദ്രം ഇന്ത്യയായിരിക്കുമെന്ന് പ്രശസ്ത എപ്പിഡമിയോളജിസ്റ്റും സാമ്പത്തിക വിദഗ്ധനുമായ രമണൻ ലക്ഷ്മിനാരായണന്റെ വിലയിരുത്തൽ. ഇന്ത്യൻ ജനതയുടെ 60 ശതമാനത്തിന് വൈറസ് ബാധയുണ്ടായേക്കാമെന്ന് അദ്ദേഹം പറഞ്ഞു.ദി വയറിനു വേണ്ടി പ്രശസ്ത പത്രപ്രവർത്തകൻ കരൺ ഥാപ്പർ നടത്തിയ അഭിമുഖത്തിലാണ് രമണൻ ലക്ഷ്മിനാരായണൻ തന്റെ ആശങ്ക പങ്കുവച്ചത്.

അമേരിക്കയുടെ 20-60 ശതമാനത്തെ കൊറോണ വൈറസ് ബാധിക്കുമെന്നാണ് അമേരിക്ക കണക്കാക്കുന്നത്. ആ നിലയ്ക്ക് ഇന്ത്യയിൽ കാര്യങ്ങൾ വളരെ മോശമായിരിക്കും. ഇന്ത്യയിലെ 70-80 കോടി ജനങ്ങൾക്ക് വൈറസ് ബാധയുണ്ടായേക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ആശ്വാസകരമായ കാര്യം, ഇതിൽ ബഹുഭൂരിപക്ഷത്തിനും ചെറിയരീതിയിൽ മാത്രമായിരിക്കും വൈറസ് ബാധയുടെ പ്രത്യാഘാതം ഉണ്ടാവുക എന്നതാണ്. വളരെ ചെറിയ ഒരു ശതമാനം മാത്രമേ ഗുരതര രോഗത്തിന് അടിപ്പെടുകയുള്ളൂ. അതിൽത്തന്നെ ചെറിയൊരു ശതമാനം മരണങ്ങളേ സംഭവിക്കൂയെന്നും അദ്ദേഹം പറഞ്ഞു.

12 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യഘട്ടത്തിൽ സാഹചര്യത്തിന്റെ ഗൗരവം തിരിച്ചറിയാൻ വൈകിയതായി ബ്രിട്ടൺ വ്യക്തമാക്കിയിരുന്നു. അപ്പോൾ അവിടെ തിരിച്ചറിയപ്പെടാത്ത 1500 കൊറോണ കേസുകൾ ഉണ്ടായിരുന്നു. ഇന്ത്യയിലെ ഇപ്പോഴത്തെ സാഹചര്യം ഇതിന് സമാനമാണ്. ഇന്ത്യയിലെ അവസ്ഥയിൽ ഇപ്പോൾ ഇവിടെ തിരിച്ചറിയപ്പെടാത്ത 10,000ൽ അധികം കൊറോണ ബാധിതർ ഉണ്ടാകാമെന്ന് അദ്ദേഹം പറയുന്നു.

ഇന്ത്യ ഇപ്പോഴും സ്റ്റേജ് -2ൽ ആണെന്ന ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ നിലപാട് രമണൻ ലക്ഷ്മിനാരായണൻ തള്ളിക്കളഞ്ഞു. മറ്റു രാജ്യങ്ങളുടെ അനുഭവത്തിന്റെയും ഗവേഷകരുടെ വിലയിരുത്തലിന്റെയും വെളിച്ചത്തിൽ ഇന്ത്യ രണ്ടോ മൂന്ന് ആഴ്ചകൾക്കു മുൻപുതന്നെ സ്റ്റേജ്-3ൽ പ്രവേശിച്ചതായി കരുതാമെന്ന് അദ്ദേഹം പറയുന്നു.

സ്കൂളുകളും മറ്റു സ്ഥാപനങ്ങളും പൂട്ടുന്നത് അടക്കമുള്ള നടപടികൾ സർക്കാർ സ്വീകരിച്ച നിലയ്ക്ക് ഇതിനെക്കുറിച്ച് അധികൃതർക്ക് വ്യക്തമായ ധാരണയുണ്ടെന്നു കരുതുന്നതായും അദ്ദേഹം പറഞ്ഞു.

രോഗപരിശോധനയ്ക്കുള്ള സൗകര്യം വർധിപ്പിക്കുകയാണ് ഇന്ത്യ അടിയന്തിരമായി ചെയ്യേണ്ടത്. പ്രതിദിനം പതിനായിരം സാമ്പികളുകൾ പരിശോധിക്കാനുള്ള സൗകര്യം വേണം. തീവ്രപരിചരണ സംവിധാനം വളരെയേറെ ഉണ്ടാവേണ്ടിയിരിക്കുന്നു. ഐസിയു ഉപകരണങ്ങൾ, വെന്റിലേറ്ററുകൾ, മരുന്നുകൾ എന്നിവ അടിയന്തിരമായി ഇറക്കുമതി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ജനസംഖ്യയും സാഹചര്യങ്ങളും വച്ച് നോക്കുമ്പോൾ ഇത് അടിയന്തിരമായി ചെയേണ്ടതുണ്ടെന്നും രമണൻ ലക്ഷ്മിനാരായണൻ പറഞ്ഞു.