ന്യൂഡെൽഹി: ബിജെപി ദേശീയ ഉപാധ്യക്ഷനും രാജ്യസഭാംഗവുമായ വിനയ് സഹസ്രബുദ്ധയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ആഴ്ച നടത്തിയ കൊറോണ പരിശോധനയില്‍ അദ്ദേഹത്തിന് നെഗറ്റീവ് ഫലമായിരുന്നു ലഭിച്ചത്. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
നേരത്തേ പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പ് നടത്തിയ കൊറോണ പരിശോധനയില്‍ ലോക്സഭയിൽ 17 ഉം രാജ്യസഭയിൽ എട്ടും എംപിമാർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.
അതേസമയം രാജ്യസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി എംപി അശോക് ഗാസ്തി വ്യാഴാഴ്ച കൊറോണ ബാധിച്ച് മരിച്ചിരുന്നു. കർണാടകയിൽ നിന്നാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനായിരുന്ന അശോക് ഗാസ്തി ആർഎസ്എസിലൂടെയാണ് പൊതുരംഗത്തേക്ക് എത്തിയത്. ബിജെപി ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. ബിജെപി ബെല്ലാരി, റെയ്ച്ചൂർ യൂണിറ്റുകളുടെ ചുമതല വഹിച്ചിരുന്നു.