ന്യൂഡെൽഹി: ചൈനീസ് നിരീക്ഷണം ഗൗരവതരമാണന്നും എന്തു തുടർനടപടികൾ വേണമെന്ന് ആലോചിക്കണമെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി.രാജ്യത്തെ പതിനായിരത്തോളം പേരെ ചൈനീസ് കമ്പനി നിരീക്ഷിക്കുന്നുവെന്ന വിഷയം പാർലമെൻറിൽ കോൺഗ്രസ് എംപി കെസി വേണുഗോപാൽ ഉന്നയിച്ചപ്പോഴാണ് ഉപരാഷ്ട്രപതി കേന്ദ്ര സർക്കാരിന് ഇക്കാര്യത്തിൽ നിർദ്ദേശം നൽകിയത്.
ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടെയാണ് ചൈനീസ് കമ്പനി ഇന്ത്യയെ നോട്ടമിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്, സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ് ഡേ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങി തന്ത്രപ്രധാന സ്ഥാനങ്ങളിലിരിക്കുന്നവരേയും, കുടുംബാംഗങ്ങളേയും ചൈനീസ് കമ്പനി നിരീക്ഷിക്കുന്നുവെന്നാണ് റിപ്പോർട്ട്.
ഗൗരവമേറിയ വിഷയമാണെന്നും സർക്കാർ പ്രതികരിക്കണമെന്നും സഭയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതെ തുടർന്നാണ് വെങ്കയ്യാ നായിഡു വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകിയത്.
ചൈനീസ് ഐടി-വ്യവസായ മന്ത്രലായങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഷെൻസെൻ ഡേറ്റ ടെക്നോളജിയാണ് നിരീക്ഷണങ്ങൾ നടത്തുന്നത്. ഉന്നത ഉദ്യോഗസ്ഥരും ചില മാധ്യമപ്രവർത്തകരും ചൈന നിരീക്ഷിക്കുന്നവരുടെ പട്ടികയിലുണ്ട്.