ന്യൂഡെൽഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിവിധ റിക്രൂട്ട്മെന്റ് പരീക്ഷകൾ മാറ്റിവെച്ചു. ഈ മാസം 17 ന് ആരംഭിച്ച കമ്പൈൻഡ് ഹയർ സെക്കൻഡറി പരീക്ഷ നിർത്തിവെച്ചിരിക്കുകയാണ്. ഇന്നു മുതൽ 28 വരെയുള്ള പരീക്ഷയ്ക്ക് ഹാൾടിക്കറ്റ് ലഭിച്ചവർക്ക് പുതിയ തീയതി കമ്മീഷൻ പിന്നീട് അറിയിക്കും.
30 മുതൽ നടത്താനിരുന്ന ജൂനിയർ എൻജിനീയർ റിക്രൂട്ട്മെന്റ് പരീക്ഷയും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ കമ്മീഷന്റെ വെബ്സൈറ്റിൽ (www.ssc.nic.in) ലഭിക്കും.
നേരത്തെ മാർച്ച് 17 മുതൽ 28 വരെ നടത്താൻ നിശ്ചയിച്ചിരുന്ന കമ്പൈൻഡ് ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് 30 ലക്ഷത്തോളംപേർ അപേക്ഷിച്ചിരുന്നു. ഇന്നു മുതൽ ഏപ്രിൽ 2 വരെയായിരുന്നു ജൂനിയർ എൻജിനീയർ പരീക്ഷ നിശ്ചയിച്ചിരുന്നത്.
കൊറോണ ഭീതിയുടെ സാഹചര്യത്തിൽ പരീക്ഷകൾ നടത്തുന്നത് ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്നതിനാലാണ് ഇവ മാറ്റിവച്ചതെന്ന് അധികൃതർ അറിയിച്ചു.