മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അപമാനിച്ച നടി കങ്കണ റണാവത്തിന് എതിരേ കേസ്

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അപമാനിച്ചതിന് ബോളിവുഡ് നടി കങ്കണ റണാവത്തിന് എതിരെ കേസ്. ബോളിവുഡ് മാഫിയയുമായി ഉദ്ധവ് താക്കറെയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ച് കങ്കണ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയ്ക്ക് എതിരെ അഭിഭാഷകന്‍ നിതിന്‍ മാനേ നല്‍കിയ പരാതിയുടെ അടിസ്ഥാനിത്തില്‍ വിഖ്രോലി പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്കിരിക്കുന്നത്.

അനധികൃത നിര്‍മ്മാണമാണെന്ന് ചൂണ്ടിക്കാട്ടി ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ ഓഫീസ് കെട്ടിടം ഇടിച്ച് നിരത്തിയതിന് പിന്നാലെയാണ് മഹാരാഷ്ട്ര സര്‍ക്കാരിന് എതിരെ രൂക്ഷ പ്രതികരണവുമായി നടി രംഗത്തുവന്നത്. കങ്കണയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ പൊളിച്ചു നീക്കല്‍ നടപടികള്‍ക്ക് മുംബൈ ഹൈക്കോടതി സ്‌റ്റേ വിധിച്ചിരുന്നു.

തന്റെ വീട് പൊളിച്ചതിനെ രാമക്ഷേത്രം തകര്‍ത്തതുമായി ഉപമിച്ച് രംഗത്തെത്തിയ നടി, വീട് പൊളിച്ചതുപോലെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ധാര്‍ഷ്ട്യവും തകരുമെന്ന് പറഞ്ഞിരുന്നു.

മുംബൈയെ പാകിസ്ഥാന്‍ അധീന കശ്മീരുമായി ഉപമിച്ച് പ്രസ്താവന നടത്തിയതിന് പിന്നാലെ കങ്കണയ്ക്ക് എതിരെ ശിവസേന ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ അനധികൃത നിര്‍മ്മാണമാണെന്ന് കാണിച്ച് കങ്കണയുടെ ബംഗ്ലാവിലുള്ള ഓഫീസ് കെട്ടിടം പൊളിച്ച് നീക്കിയത്.