ന്യൂഡെൽഹി: ഇന്ത്യൻ സൈന്യം വെടിയുതിർത്തെന്ന ചൈനയുടെ ആരോപണങ്ങൾ നിഷേധിച്ച് ഇന്ത്യ. ഇന്ത്യയുടെ ഭാഗത്ത് നിന്നും വെടിവെയ്പ് ഉണ്ടായിട്ടില്ലെന്ന് ഇന്ത്യൻ സേന വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സേന നിയന്ത്രണ രേഖ കടന്നിട്ടില്ലെന്നും ചൈനയാണ് കടന്നു കയറാൻ ശ്രമിച്ചതെന്നും സേന വൃത്തങ്ങൾ വ്യക്തമാക്കി.
ഇക്കാര്യത്തിൽ സൈന്യം ഔദ്യോഗികമായ വാർത്താക്കുറിപ്പ് പുറത്തിറക്കിയിട്ടില്ല. ചൈനയാണ് നിയന്ത്രണ രേഖ മാറി കടന്നു ആദ്യം വെടിയുതിർത്തത് എന്നും ഇത് തടയാൻ മാത്രമാണ് ഇന്ത്യൻ സൈന്യം ശ്രമിച്ചത് എന്നുമാണ് പുറത്ത് വരുന്ന വിവരം.. ഇത് സംബന്ധിച്ച ഔദ്യോഗിക പത്രക്കുറിപ്പ് സൈന്യം ഉടൻ പുറത്തിറക്കും.
നേരത്തെ ചെനയുടെ വെസ്റ്റേൺ തിയറ്റർ കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ ഇന്ത്യൻ സൈന്യം യഥാർത്ഥ നിയന്ത്രണ രേഖ മറികടന്ന് കിഴക്കൻ ലഡാക്കിലെ പാങ്കോംഗ് തടാകത്തിന് സമീപം വെടിയുതിർത്തുവെന്നായിരുന്നു ആരോപിച്ചത്. തങ്ങളുടെ സൈനികർ പ്രത്യാക്രമണം നടത്തിയെന്നുമാണ് ചൈനയുടെ അവകാശവാദം.
ഏതു തരത്തിലുള്ള പ്രത്യാക്രമണമാണെന്ന് നടത്തിയതെന്ന് ചൈന വ്യക്തമാക്കിയിട്ടില്ല. ഓഗസ്റ്റ് അവസാനം ഇന്ത്യയുടെ ഭാഗത്ത് തന്നെയുള്ള ഉയർന്ന പ്രദേശങ്ങളിൽ സൈന്യം നിലയുറപ്പിച്ചിരുന്നു. ചൈനയുടെ സൈനിക ക്യാമ്പുകൾക്ക് കനത്ത ഭീഷണിയുയർത്തുന്ന രീതിയിലായിരുന്നു സൈനിക വിന്യാസം. ഇന്ത്യയുടെ സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സിന്റെ രഹസ്യ ഓപ്പറേഷൻ വഴിയായിരുന്നു ഇത്. ചൈനയ്ക്ക് ഇത് വലിയ തിരിച്ചടിയായിരുന്നു