യുപി പോലീസ് എന്റെ വസ്ത്രം അഴിപ്പിച്ചു ; ഇരിക്കാൻ കഴിയാത്തവിധം പിൻവശത്ത് വളരെയധികം അടിച്ചു: ഡോ. കഫീൽ ഖാൻ

ജയ്പുർ: യുപി പോലീസിനെതിരെ ഡോ. കഫീൽ ഖാൻ. യുപി പോലീസ് എന്റെ വസ്ത്രം അഴിപ്പിച്ചു, ഇരിക്കാൻ കഴിയാത്തവിധം പിൻവശത്ത് വളരെയധികം അടിച്ചുവെന്നും യുപി സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ ജയിലിൽ അടയ്ക്കപ്പെടുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്ത ഡോ. കഫീൽ ഖാൻ പറയുന്നു. ജയിൽ മോചിതനായ ഡോ. കഫീൽ ഖാൻ ഇപ്പോൾ രാജസ്ഥാനിലാണ്.

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സുരക്ഷ ഉറപ്പുനൽകിയതിനെ തുടർന്നാണ് ജയ്പുരിലേക്കു താമസം മാറ്റിയതെന്നും ഉത്തർപ്രദേശില്‍ ഇനിയും തുടർന്നാൽ യോഗി സർക്കാര്‍ തനിക്കെതിരെ വീണ്ടും വ്യാജകേസുണ്ടാക്കി ജയിലിൽ അടയ്ക്കുമെന്ന് ഭയക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

മുസ്‌ലിം ആയതുകൊണ്ടാണ് എനിക്കുനേരെ അതിക്രമമെന്നു കരുതുന്നില്ല. ആരോഗ്യ രംഗത്തെ പ്രധാനപ്പെട്ട പ്രശ്നങ്ങൾ ഞാൻ ഉയർത്തിക്കാട്ടാൻ തുടങ്ങി. അതു സർക്കാരിനെ ഭയപ്പെടുത്തി. രാജ്യത്തെ ആരോഗ്യ സംവിധാനം എങ്ങനെയാണ് തകർന്നതെന്ന് ഞാൻ ജനങ്ങളോടു പറയാൻ തുടങ്ങി. മാത്രമല്ല, ബിആർഡി മെ‍ഡിക്കൽ കോളജിലെ 70 കുട്ടികളുടെ മരണത്തിന്റെ ഉത്തരവാദിത്തം അഴിമതിക്കാർക്കാണെന്നും. ഇതൊക്കെയാകാം എന്നെ ലക്ഷ്യമിടാൻ കാരണം’ – ഒരു ദേശീയമാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ കഫീൽ ഖാൻ പറഞ്ഞു.