ജമ്മുകശ്മീരിൽ ഭീകരരുടെ വൻസ്ഫോടന പദ്ധതി സൈന്യം തകർത്തു

ആരാംപൊര: ജമ്മുകശ്മീരിൽ ഭീകരരുടെ സ്ഫോടന പദ്ധതി തകർത്ത് സൈന്യം. സ്ഫോടനം നടത്താൻ പദ്ധതിയിട്ട പാലത്തിനടിയിൽ ഒളിപ്പിച്ച ഐ.ഇ.ഡി, സംയുക്ത സുരക്ഷാസേന കണ്ടെടുത്ത്‌ നിർവീര്യമാക്കി.

സോപോർ-കുപ്‌വാര റോഡിൽ ആരാംപൊരയ്ക്ക് സമീപമുള്ള പാലത്തിന്റെ അടിയിലായാണ് ഭീകരൻ സ്ഫോടക വസ്തു സ്ഥാപിച്ചിരുന്നത്. കരസേനയും മറ്റു സുരക്ഷാ സേനകളും ചരക്കു നീക്കത്തിന് ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പാതകളിൽ ഒന്നാണിത്.

ഒരാഴ്ചയ്ക്കുള്ളിൽ നടക്കുന്ന രണ്ടാമത്തെ അട്ടിമറിശ്രമമാണ് ഇത്. ദിവസങ്ങൾക്കു മുൻപ്, പുൽവാമയിലെ ടൂജൻ ഗ്രാമത്തിൽ സമാനമായ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അവിടെയും പാലത്തിനു താഴെ ആയി തന്നെയായിരുന്നു ഭീകരൻ ബോംബ് സ്ഥാപിച്ചിരുന്നത്. തുടർച്ചയായ അട്ടിമറി ശ്രമങ്ങളെ തുടർന്ന് കശ്മീരിൽ സൈന്യം കനത്ത ജാഗ്രതയിലാണ്.