ന്യൂഡെൽഹി: ഡെൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയിൽ 48 കോടിയോളം വില മതിക്കുന്ന ഹെറോയിൻ പിടിച്ചെടുത്തതായി നാർക്കോടിക് കൺട്രോൾ ബ്യൂറോ (എൻ സി ബി) അറിയിച്ചു. രണ്ടു വിദേശികൾ ഉൾപ്പെടെ 7 പേരെ സംഭവത്തിൽ അറസ്റ്റ് ചെയ്തു. ആഫ്രിക്കൻ സ്വദേശിയായ ഒരു പുരുഷനും ഒരു മ്യാൻമാർ സ്വദേശിനിയുമാണ് പിടിയിലായ വിദേശികൾ.
കൊറിയർ സർവീസ് വഴിയാണ് മയക്കുമരുന്ന് കടത്തിയിരുന്നതെന്ന് എൻസിബി അറിയിച്ചു. കൊറോണ ലോക്ഡൗൺ മൂലം വിമാനസർവീസുകൾ നിയന്ത്രിതമായതിനെ തുടർന്നാണ് ഇവർ കൊറിയർ സർവീസ് തിരഞ്ഞെടുത്തത്.
ഇൗ മാസം ആദ്യം കൊറിയര് സർവീസ് വഴി കടത്തിയ 970 ഗ്രാം ഹെറോയിനടങ്ങിയ പാഴ്സൽ പിടികൂടിയിരുന്നു. ഇതോടെയാണ് കള്ളക്കടത്തിനെ കുറിച്ച് സൂചന ലഭിച്ചത്.
കൂടുതൽ അന്വേഷണത്തിനായി ഡമ്മി പാഴ്സൽ എൻസിബി തിരിച്ചു അയക്കുകയായിരുന്നു. ഇതാണ് പിന്നീട് മഹിപാൽപുരിലെ ഒരു ഹോട്ടലിൽ തങ്ങിയിരുന്ന വാഹിദ്, മൊഹ്സിൻ, ഷാജഹാൻ, ഹനീഫ്, മുന്നസിർ എന്നിവരിലേക്ക് അന്വേഷണസംഘത്തെ എത്തിച്ചത്. അവരുടെ ചോദ്യം ചെയ്യലിൽ എൻസിബിയെ 980 ഗ്രാം ഹെറോയിൻ അടങ്ങിയ മറ്റൊരു പാർസലിലേക്ക് നയിച്ചു. പാഴ്സൽ പിന്നീട് ആഫ്രിക്കൻ സ്വദേശിയ്ക്ക് കൈമാറിയതായി അന്വേഷണസംഘം കണ്ടെത്തി.
പാഴ്സൽ ശേഖരിക്കാനെത്തിയ മ്യാൻമാർ യുവതിയിലൂടെയാണ് സംഘത്തിലെ ആഫ്രിക്കക്കാരനിലെത്തിയത്. പിടിയിലായ മ്യാൻമാർ യുവതി ആഫ്രിക്കൻ സ്വദേശിയ്ക്ക് വേണ്ടി വ്യാജ ഇന്ത്യൻ തിരിച്ചറിയൽ രേഖകളും ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ചിരുന്നതായി എൻസിബി കണ്ടെത്തി.
മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോയിലെ മുംബൈ സോണൽ യൂണിറ്റ് ഇന്ന് നടത്തിയ റെയ്ഡിൽ ഹാഷിഷ്, എൽഎസ്ഡി, ഗഞ്ച എന്നിവയുൾപ്പെടെയുള്ള മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തു. 1,85,200 രൂപയും 5,000 ഇന്തോനേഷ്യൻ രൂപിയയും കണ്ടെടുത്തു.