മുംബൈ: നടിയും അന്തരിച്ച സുശാന്ത് സിംഗ് രജ്പുതിന്റെ കാമുകിയുമായ റിയ ചക്രവർത്തി നിരപരാധിയാണെന്നും മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിട്ടില്ലെന്നും അഭിഭാഷകൻ സതീഷ് മനേഷിന്ദെ. സുശാന്ത് സിംഗ് രജ്‌പുത് കേസിനെ മന്ത്രവാദ വേട്ടയെന്നും അദ്ദേഹം വിമർശിച്ചു.
റിയ നിരപരാധിയാണ്. എങ്കിലും അറസ്റ്റ് നേരിടാൻ റിയ തയ്യാറാണെന്നും ആരെയെങ്കിലും സ്നേഹിക്കുന്നത് ഒരു കുറ്റമാണെങ്കിൽ പ്രണയത്തിന്റെ അനന്തരഫലമെന്നോണം അവൾ ഇത് അഭിമുഖീകരിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. സിബിഐ, ഇഡി, എൻസിബി എന്നീ അന്വേഷണ സംഘങ്ങളുടെ കേസിൽ ജാമ്യത്തിനായി ഒരു കോടതിയെയും റിയ സമീപിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
കേസിലെ പ്രധാന പ്രതിയായ റിയയെ അറസ്റ്റ് ചെയ്യണമെന്നു അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. റിയയുടെ ഇളയ സഹോദരൻ ഷോയിക് ചക്രബർത്തി, സുശാന്ത് സിംഗ് രജപുതിൻ്റെ ഹൌസ് മാനേജർ സാമുവൽ മിറാൻഡ, നടന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം ദിപേഷ് സാവന്ത് എന്നിവരെ കേസിൽ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.