ആലി മുസ്​ലിയാരും വാരിയൻകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയുമടക്കം ദക്ഷിണേന്ത്യൻ സ്വാതന്ത്ര്യ സമര രക്​തസാക്ഷികളെ കേന്ദ്രം ഒഴിവാക്കി

മലപ്പുറം: സ്വാതന്ത്ര്യ സമര രക്​തസാക്ഷികളെ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ച നിഘണ്ടുവി​ൽ നിന്ന്​​ ദക്ഷിണേന്ത്യക്കാരുടെ വിവരങ്ങളടങ്ങിയ ഭാഗം പിൻവലിച്ചു. കേരളം, തമിഴ്​നാട്​, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ സ്വാതന്ത്ര്യ പോരാട്ടങ്ങളിൽ ജീവത്യാഗം ചെയ്​തവരുടെ പേരുവിവരങ്ങളാണ്​ ഒഴിവാക്കിയത്​.

ബ്രിട്ടീഷുകാർക്കെതിരെ നടന്ന ശ്രദ്ധേയ പോരാട്ടമായ മലബാർ വിപ്ലവത്തിന്​ നേതൃത്വം നൽകി രക്തസാക്ഷികളായ ആലി മുസ്​ലിയാരും വാരിയൻകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയും അടക്കം നിരവധി പോരാളികളുടെ വിവരങ്ങളുണ്ടായിരുന്നു. എന്നാലിത് ഒഴിവാക്കിയത് സംഘ്​പരിവാറിന്റെ സമ്മർദത്തെ തുടർന്നാണ്​ നടപടിയെന്നാണ്​ സൂചന.

2019 മാർച്ച്​ ഏഴിന്​ പ്രധാനമന്ത്രി​ നരേന്ദ്ര മോദിയാണ്​ ഇന്ത്യൻ ചരിത്ര ഗവേഷണ സമിതി (ഐ.സി.എച്ച്​.ആർ) തയാറാക്കിയ പുസ്​തകം പ്രകാശനം ചെയ്​തത്​. 1857 മുതൽ 1947 വരെ നടന്ന സമരങ്ങളിൽ പ​ങ്കെടുത്തവരുടെ ചെറുവിവരണങ്ങളുള്ള ഇതിൽ ദക്ഷിണേന്ത്യക്കാരുടെ വിവരങ്ങൾ അഞ്ചാം വാള്യത്തിലായിരുന്നു. ഈ ഭാഗമാണ്​ സാംസ്​കാരിക വകുപ്പ്​ വെബ്​സൈറ്റിൽനിന്ന്​ കഴിഞ്ഞ ദിവസം അപ്രത്യക്ഷമായത്​.

അഞ്ച്​ വാള്യങ്ങളുള്ള നിഘണ്ടുവിൽ വാരിയൻകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയുടെയും ആലി മുസ്​ലിയാരുടെയും പേരുകളുണ്ടെന്ന വിവരം​ ഈയിടെയാണ്​ പുറത്തുവന്നത്​. ഇതിന്​ പിറകെ ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

ഹിന്ദു വിരുദ്ധ ​ആക്രമണമാണ്​ മലബാറിൽ നടന്നതെന്നും വംശഹത്യക്ക്​ നേതൃത്വം നൽകിയവരാണ്​ മലബാർ സമര നേതാക്കളെന്നും സംഘ്​പരിവാർ അനുകൂല ചരിത്രകാരന്മാരുൾപ്പെടെ പ്രചരിപ്പിക്കുന്നവരുടെ വിശദാംശങ്ങൾ സ്വാതന്ത്ര്യ സമര ​രക്​തസാക്ഷികളുടെ പട്ടികയിൽ നിന്നൊഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു. 283 പേജുള്ള വാള്യത്തിൽ ​22, 248 പേജുകളിലാണ്​ ആലി മുസ്​ലിയാരെയും വാരിയൻകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയെയും പരാമർശിച്ചിരുന്നത്​.