ജയ്പുർ: അലഹബാദ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ജയിലിൽനിന്ന് വിട്ടയക്കപ്പെട്ട ഡോ. കഫീൽ ഖാൻ കുടുംബത്തോടൊപ്പം ജയ്പൂരിലെത്തി. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഉപദേശപ്രകാരമാണ് താൻ രാജസ്ഥാനിലേക്ക് താമസം മാറിയതെന്ന് കഫീൽ ഖാൻ അറിയിച്ചു. തനിക്കെതിരായ കേസ് കോടതി ഒഴിവാക്കിയിട്ടുണ്ടെങ്കിലും യോഗി സർക്കാർ വീണ്ടും കേസുകൾ ചാർത്തി തന്നെ തടങ്കലിലാക്കുമെന്ന ഭയത്താലാണ് ജന്മദേശമായ ഗോരഖ്പൂരിൽനിന്ന് ജയ്പൂരിലേക്ക് വന്നതെന്ന് കഫീൽ ഖാൻ പറഞ്ഞു.
രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരായതിനാൽ ഇവിടെ സുരക്ഷിതമായിരിക്കുമെന്ന് കരുതുന്നു. എന്റെ കുടുംബത്തിനും ഇവിടെ താമസിക്കുന്നതാണ് സുരക്ഷിതമെന്ന് തോന്നുന്നു. കഴിഞ്ഞ ഏഴര മാസത്തോളം ഒരുപാട് മാനസിക-ശാരീരിക പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘പ്രിയങ്ക ഗാന്ധി എന്നെ വിളിച്ച് രാജസ്ഥാനിൽ വന്ന് താമസിക്കാൻ ഉപദേശിച്ചു, ഞങ്ങൾ നിങ്ങൾക്ക് സുരക്ഷിതമായ സ്ഥലം നൽകാം. യുപി സർക്കാർ നിങ്ങളെ മറ്റേതെങ്കിലും കേസിൽ ഉൾപ്പെടുത്താൻ ശ്രമിച്ചേക്കാമെന്നും അവിടെ തുടരുന്നത് സുരക്ഷിതമല്ലെന്നും പ്രിയങ്ക പറഞ്ഞു. അതിനാൽ യുപിയിൽ നിന്ന് വിട്ടുനിൽക്കാൻ ഞാൻ തീരുമാനിച്ചു’ കഫീൽ ഖാൻ പറഞ്ഞു.
അതേസമയം തന്നെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയക്കുമെന്നും കഫീൽ ഖാൻ പറഞ്ഞു.