ന്യൂഡെൽഹി: രാജ്യത്ത് പുതിയതായി കൊറോണ ബാധിക്കുന്നവരുടെ എണ്ണത്തിൽ കുറവില്ലാതെ തുടരുന്നു. കൊറോണ ബാധിതരുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും എൺപതിനായിരത്തിനു മുകളിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്തു. 83, 341 പുതിയ കൊറോണ കേസുകളാണ് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത്.
രാജ്യത്ത് രോഗികളുടെ എണ്ണം ഇതോടെ 39 ലക്ഷം കടന്നു. ഇതുവരെ 39, 36, 747 പേർക്കാണ് ഇന്ത്യയിൽ രോഗം ബാധിച്ചിട്ടുള്ളത്. 24 മണിക്കൂറിനുള്ളിൽ 1096 പേർ കൂടി മരിച്ചതോടെ ആകെ കൊറോണ മരണം 68472 ആയി. അതേസമയം, രോഗ മുക്തി നിരക്ക് 77. 15% ശതമാനമാണെന്നും റിപ്പോർട്ട് പറയുന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 30 ലക്ഷം കടന്നു.
നിലവിൽ 30, 37, 151 പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്തെ പ്രതിദിന സാമ്പിൾ പരിശോധന പതിനൊന്നു ലക്ഷത്തിനു മുകളിലാണ്. ഇന്നലെ 11,69,765 സാമ്പിൾ പരിശോധിച്ചുതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട ശേഷം ഒറ്റ ദിവസം ഇത്രയും കേസുകൾ ഉയരുന്നത് ഇത് രണ്ടാം ദിവസമാണ്.