പബ്ജി നിരോധനം: ഇന്ത്യൻ സർക്കാർ നടപടിയെ വിമർശിച്ച് ചൈന

ന്യൂഡെൽഹി: പബ്ജിയടക്കം 118 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ച ഇന്ത്യൻ സർക്കാർ നടപടിയെ വിമർശിച്ച് ചൈന രംഗത്ത്. ചൈനീസ് നിക്ഷേപകരുടെ നിയമപരമായ താൽപര്യം ഹനിക്കുന്നതാണ് ഇന്ത്യയുടെ നടപടിയെന്നും ചൈന കുറ്റപ്പെടുത്തി. ഇന്ത്യയുടെ തീരുമാനത്തെ എതിർക്കുന്നുവെന്നും തെറ്റ് തിരുത്തണമെന്നും ചൈനീസ് വാണിജ്യമന്ത്രാലയം ആവശ്യപ്പെട്ടു.

ലോകത്ത് പബ്ജി ആപ്പ് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്തത് ഇന്ത്യയിലാണ്. 175 ദശലക്ഷം ആളുകളാണ് പബ്ജി ഡൗൺലോഡ് ചെയ്തിരിക്കുന്നത്. മൊത്തം ഡൗൺലോഡിന്റെ 24 ശതമാനം വരുമിത്. നേരത്തെ വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കടക്കം 59 ചൈനീസ് ആപ്പുകളും ഇന്ത്യ നിരോധിച്ചിരുന്നു.

ആപ്പുകൾ നിരോധിക്കുന്നത് ചൈനക്കെതിരെയുള്ള ഡിജിറ്റൽ സ്‌ട്രൈക്കായിട്ടാണ് ഇന്ത്യൻ സർക്കാർ വിലയിരുത്തുന്നത്. ആപ്പുകൾ നിരോധിക്കാനുള്ള ഇന്ത്യൻ സർക്കാറിന്റെ നീക്കം രാജ്യത്ത് പ്രവർത്തിക്കുന്ന നിരവധി ചൈനീസ് സ്റ്റാർട്ട് അപ്പ് കമ്പനികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

പാംഗോങ് മേഖലയിൽ കടന്നുകയറാനുള്ള ചൈനീസ് ശ്രമത്തിന് പിന്നാലെയാണ് ജനപ്രിയ വീഡിയോ ഗെയിം ആപ്പായ പബ്ജി അടക്കം 118 ആപ്പുകൾ ഇന്ത്യൻ സർക്കാർ കഴിഞ്ഞ ദിവസം സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി നിരോധിച്ചത്. സമാധാന ചർച്ചകൾ നടന്നിട്ടും അതിർത്തി പ്രദേശങ്ങളിൽ കടന്നുകയറാനുള്ള ശ്രമം ചൈന തുടരുന്നതിനിടെയാണ് ഇന്ത്യ ആപ്പുകൾ നിരോധിച്ച് കടുത്ത നടപടി സ്വീകരിച്ചത്.

ഇന്ത്യയിലെ പ്രധാന സ്റ്റാർട്ട് അപ്പ് നിക്ഷേപകരായ ആലിബാബ കമ്പനി ആറുമാസത്തേക്ക് എല്ലാ നിക്ഷേപങ്ങളും നിർത്തിവെക്കാൻ തീരുമാനിച്ചെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ആപ് നിരോധനം ചൈനക്ക് മാത്രമല്ല, ഇന്ത്യക്കും തിരിച്ചടിയാകുമെന്ന് ടെക് വിദഗ്ധർ വിലയിരുത്തുന്നു.