ന്യൂഡെൽഹി: ശ്രീലങ്കയുടെ വടക്കുകിഴക്കൻ മേഖലയിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ്റെ ന്യൂഡയമണ്ട് എണ്ണ ടാങ്കറിന് തീപിടിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കയുടെ കിഴക്കൻ ഭാഗത്തു വച്ചാണ് കപ്പലിൽ തീപിടുത്തമുണ്ടായത്.
വലിയ അപകടമാണുണ്ടായതെന്നും ശ്രീലങ്കൻ നാവികസേനയും വ്യോമസേനയും രക്ഷാപ്രവർത്തനത്തിൽ സഹകരിക്കുന്നുണ്ടെന്നും ശ്രീലങ്ക അറിയിച്ചു. കുവൈറ്റിൽ നിന്ന് പാരാദ്വീപിലേക്കുള്ള (Paradip) യാത്രക്കിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. ശ്രീലങ്കൻ നാവികസേനയെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് വാർത്ത പുറത്ത് വിട്ടത്.
ശ്രീലങ്കൻ തീരത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ അകലെയാണ് നിലവിൽ കപ്പലിൻ്റെ സ്ഥാനം. 2.70 ലക്ഷം ടൺ ക്രൂഡോയിൽ ചരക്കുകപ്പലിൽ ഉണ്ടെന്നാണ് ശ്രീലങ്കൻ പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അഗ്നിബാധയുണ്ടായ കപ്പലിൽ നിന്നും ഇതുവരെ എണ്ണചോർച്ചയുണ്ടായിട്ടില്ലെന്നാണ് സൂചന.