ഡൽഹി : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാര്‍ ചുമതലയേറ്റു. കമ്മീഷണറായിരുന്ന അശോക് ലവാസ ലോകബാങ്ക് വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിനായി രാജിവെച്ച ഒഴിവിലാണ് രാജീവ് കുമാറിന്റെ നിയമനം.
മുന്‍ ധനകാര്യ സെക്രട്ടറിയാണ് റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥനായ രാജീവ് കുമാര്‍. 1984 ബാച്ച് ജാര്‍ഖണ്ഡ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇദ്ദേഹം വിരമിച്ചത്.
ഇതിന് പിന്നാലെ ഏപ്രിലില്‍ രാജീവ് കുമാറിനെ പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന് ബോര്‍ഡ് ചെയര്‍മാനായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ഓഗസ്റ്റ് 31 ന് ഈ പദവി ഒഴിഞ്ഞശേഷമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാര്‍ ചുമതലയേറ്റത്.
ചീഫ് ഇലക്ഷന് കമ്മീഷണര്‍ സുനില്‍ അറോറ, ഇലക്ഷന് കമ്മീഷണറായ സുശീല്‍ ചന്ദ്ര എന്നിവരാണ് നിലവില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ളത്. ലവാസയ്ക്ക് പകരം രാജീവ് കുമാര്‍ ചുമതലയേറ്റതോടെ വീണ്ടും കമ്മീഷന് അംഗങ്ങളുടെ എണ്ണം മൂന്നായി.