ഐപിഎൽ മാറ്റിവെക്കണമെന്ന ആവശ്യവുമായി ബിസിസിഐക്ക് വക്കീൽ നോട്ടീസ്

ന്യൂഡെൽഹി: ഐപിഎൽ മാറ്റിവെക്കണമെന്ന ആവശ്യവുമായി ബിസിസിഐക്ക് വക്കീൽ നോട്ടീസ്. യുഎഇയിൽ കൊറോണ കണക്കുകൾ ഉയരുന്നതിൻ്റെ സാഹചര്യത്തിൽ ഇപ്പോൾ ഐപിഎൽ നടത്തുന്നത് അപകടം പിടിച്ചതാവുമെന്നും ലീഗ് മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ട് മുംബൈ സ്വദേശിയായ രവി നായർ എന്ന ആക്ടിവിസ്റ്റാണ് ബിസിസിഐക്ക് വക്കീൽ നോട്ടീസ് അയച്ചത്.

ഐപിഎൽ നടത്താൻ യുഎഇ അനുയോജ്യമാണെന്ന് ഇന്ത്യൻ സർക്കാരും ബിസിസിഐയും ചിന്തിക്കുന്നത് ലജ്ജിപ്പിക്കുവെന്ന് രവി നായർ പറയുന്നു. താരങ്ങളുടെ സുരക്ഷക്ക് പ്രാധാന്യം കല്പിക്കാതെയാണ് സർക്കാർ ഈ നീക്കത്തിന് അനുമതി നൽകിയത്. ഇത്. ഓരോ പൗരനും ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൂടി അയച്ച 5 പേജുള്ള കത്തിൽ അദ്ദേഹം പറയുന്നു.

സെപ്തംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് ഐപിഎൽ നടക്കുക. മൂന്ന് നഗരങ്ങളിലായി 53 മത്സരങ്ങളും 10 ഡബിൾ ഹെഡറുകളും ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും. മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊറോണയെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്.

പേസർ ദീപക് ചഹാർ, ബാറ്റ്സ്മാൻ ഋതുരാജ് ഗെയ്ക്‌വാദ് എന്നീ സിഎസ്കെ താരങ്ങൾക്കാണ് കൊറോണ ബാധിച്ചത്. ഇവർക്കൊപ്പം മറ്റ് 11 ടീം അംഗങ്ങൾക്കും രോ​ഗ ബാധ സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ചെന്നൈയുടെ ക്വാറൻ്റീൻ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. രോഗബാധ സ്ഥിരീകരിച്ചവരെ പ്രത്യേകം ഐസൊലേറ്റ് ചെയ്തു. 14 ദിവസത്തിനു ശേഷം ഇവർക്ക് വീണ്ടും കൊറോണ ടെസ്റ്റ് നടത്തും. ഇതിൽ നെഗറ്റീവ് ആയാലേ ഇവർ ടീമിനൊപ്പം ചേരൂ.