ന്യൂഡെൽഹി: രാജ്യത്ത് കൊറോണ മുക്തി നേടുന്നവരുടെ നിരക്ക് 76.28 ആയി ഉയർന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ. എന്നാൽ മഹാമാരിയെ നിസ്സാരമായി കരുതരുതെന്നും ഹർഷവർദ്ധൻ വ്യക്തമാക്കി. രോഗമുക്തി നിരക്ക് ദേശീയ തലത്തിൽ 76.28 ശതമാനത്തിലെത്തി. അതേ സമയം മരണനിരക്ക് 1.82 ആയി കുറഞ്ഞിട്ടുണ്ട്. ഏകദേശം നാലു കോടി ജനങ്ങളിൽ കൊറോണ പരിശോധന നടത്തിയിട്ടുണ്ട്.
വ്യാഴാഴ്ച മാത്രം ഒൻപത് ലക്ഷം പേരിലാണ് വൈറസ് പരിശോധന നടത്തിയത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് നമ്മുടെ രാജ്യം കൊറോണ പ്രതിരോധിക്കാൻ സജ്ജമാണ്. എന്നാൽ കൊറോണ വൈറസിനെ നിസ്സാരമായി കാണരുത്. മന്ത്രി പറഞ്ഞു.
കൊറോണ ബാധയുടെ കാര്യത്തിലും രോഗബാധ മൂലം മരിച്ചവരുടെ എണ്ണത്തിലും മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നായ മധ്യപ്രദേശിലെ ഇൻഡോറിൽ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.237 കോടി രൂപയുടെ ആശുപത്രിയുടെ വിർച്വൽ ഉദ്ഘാടനമാണ് മന്ത്രി നിർവ്വഹിച്ചത്.
വീഡിയോ കോൺഫറൻസിലൂടെ പ്രദേശങ്ങളിലെ ജനങ്ങളെ കൊറോണ രോഗത്തെക്കുറിച്ച് ബോധവാൻമാരാക്കാനും രോഗം പടരാതിരിക്കാൻ സർക്കാർ മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ അവരെ പ്രേരിപ്പാക്കാനും നേതാക്കളോട് മന്ത്രി നിർദ്ദേശിച്ചു.
രാജ്യത്ത് 75 സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ നിർമ്മിക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.