പേസ്റ്റ് രൂപത്തിൽ 1.15 കോടി രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച ദമ്പതികള്‍ കോയമ്പത്തൂരില്‍ പിടിയിൽ

കോയമ്പത്തൂര്‍: പേസ്റ്റ് രൂപത്തിലാക്കി സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കോയമ്പത്തൂരില്‍ ദമ്പതികള്‍ പിടിയിലായി. 1.15 കോടി രൂപയുടെ സ്വര്‍ണമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) വ്യക്തമാക്കി.

കൊവിഡ് കാലത്തെ പ്രത്യേക സര്‍വീസായ വന്ദേ ഭാരത് ഫ്‌ളൈറ്റില്‍ ദുബായില്‍ നിന്ന് എത്തിയതായിരുന്നു ദമ്പതികള്‍. വിമാനത്താവളത്തില്‍ വച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ഇരുവരേയും പരിശോധിക്കാന്‍ തീരുമാനിച്ചത്.

വിശദമായ പരിശോധനയില്‍ അടിവസ്ത്രങ്ങളോട് തുന്നിച്ചേര്‍ത്ത നിലയില്‍ ഏതാനും പാക്കറ്റുകള്‍ കണ്ടെടുത്തു. ഇവയില്‍ സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി, നിറച്ച് സീല്‍ ചെയ്തിരിക്കുകയായിരുന്നു. ആകെ 2.61 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്.

നിലവില്‍ പ്രതികള്‍ ക്വരന്റൈനിലാണെന്നും ഇതിന്റെ സമയം അവസാനിച്ചാല്‍ മറ്റ് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഡിആര്‍ഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.