ചൈനയ്ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി സംയുക്ത സേനാമേധാവി

ന്യൂഡെൽഹി: ചൈനയ്ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത്. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങൾ ദൗർബല്യമായി കാണേണ്ടതില്ലെന്നും പാംഗോങ് മേഖലയിൽ നിന്നും പിൻമാറാൻ യാതൊരു ശ്രമവും നടത്താത്ത ചൈനീസ് നിലപാടിനെ ചൂണ്ടിക്കാട്ടി സംയ്കുത സേനാമേധാവി പറഞ്ഞു. ലഡാക്കിൽ ചൈനീസ് സൈന്യം നടത്തിയ അതിക്രമങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സൈനിക നടപടികളും ആലോചനയിലുണ്ടെന്ന് സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് തുറന്നടിച്ചു.

സൈനിക നടപടികളും ആലോചനയിലുണ്ട്. എന്നാൽ സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ മാത്രമേ ഇതേക്കുറിച്ച് ആലോചിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. അതിർത്തിയിൽ സമാധാനാന്തരീക്ഷം സാധ്യമാക്കണമെന്ന് ഇന്ത്യ – ചൈന നയതന്ത്രതല ചർച്ചയിൽ ധാരണയായിട്ടും തണുപ്പൻ സമീപനം തുടരുന്ന ചൈനയ്ക്കെതിരെയുള്ള ശക്തമായ താക്കീതായാണ് ബിപിൻ റാവത്തിന്റെ പ്രസ്താവനയെ ദേശീയ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

രണ്ട് സൈന്യങ്ങൾ തമ്മിലുള്ള ചർച്ചയും നയതന്ത്ര മാർഗവും പരാജയപ്പെട്ടാൽ മാത്രമേ സൈനിക മാർഗം പരിഗണിക്കുവെന്നും ബിപിൻ റാവത്ത് പറഞ്ഞു. അതിർത്തി സംഘർഷം പരിഹരിക്കുന്നതിൽ ചൈനീസ് സൈന്യം എടുക്കുന്ന നടപടികൾ ഗൗരവതരമല്ലെന്ന് ഇന്ത്യൻ സേന വിലയിരുത്തുന്നു.

യഥാർഥ നിയന്ത്രണരേഖയിലെ തൽസ്ഥിതി ചൈന സ്ഥിരമായി മാറ്റുന്നതും സമീപ ഭാവിയിലൊന്നും തന്നെ അതിർത്തി തർക്കം രമ്യമായി പരിഹരിക്കാൻ ചൈനയ്ക്ക് താത്പര്യമില്ലെന്നതിന്റെ സൂചനയായി തന്നെയാണ് ഇന്ത്യൻ സേന വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് സൈനിക മാർഗത്തെ കുറിച്ചുള്ള സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്തിന്റെ പ്രസ്താവന രാജ്യാന്തരതലത്തിൽ തന്നെ ചർച്ചയാകുന്നതും.