ന്യൂഡെല്‍ഹി: പുതിയ തെരഞ്ഞെടുപ്പ് മാര്‍ഗരേഖയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. കൊറോണ രോഗികൾക്കും വോട്ട് ചെയ്യാൻ അവസരമൊരുക്കുന്നതാണ് മാർഗനിർദേശം.
കൊറോണ പോസിറ്റീവായവർ, നിരീക്ഷണത്തിൽ കഴിയുന്നവർ എന്നിവർക്ക് പോസ്റ്റൽ വോട്ട് ചെയ്യാനാണ് അവസരമൊരുക്കുന്നത്. അംഗവൈകല്യമുള്ളവര്‍, 80 വയസിന് മേല്‍ പ്രായമുള്ളവര്‍, അവശ്യ സര്‍വീസില്‍ ജോലി ചെയ്യുന്നവര്‍ എന്നീ വിഭാഗത്തിലുള്ളവർക്കും തപാൽ വോട്ടിന് അർഹതയുണ്ടായിരിക്കും.
വോട്ടു ചെയ്യാനെത്തുന്ന എല്ലാവർക്കും മാസ്ക് നിര്‍ബന്ധമാണ്. തെര്‍മല്‍ സ്കാനിംഗ്, സാനിറ്റൈസര്‍, സോപ്പ്, വെള്ളം തുടങ്ങിയവ പോളിംഗ് ബൂത്തില്‍ ഉണ്ടായിരിക്കണം. സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണം. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് മതിയായ വാഹനസൗകര്യം ഏര്‍പ്പെടുത്തണം- മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നിയന്ത്രണങ്ങളുണ്ട്. പരസ്യ പ്രചാരണം കേന്ദ്ര, സംസ്ഥാന നിര്‍ദേശങ്ങള്‍ പാലിച്ചുമാത്രം ആയിരിക്കും. സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
ഒരു വീട്ടില്‍ സ്ഥാനാര്‍ത്ഥി അടക്കം അഞ്ചുപേര്‍ മാത്രമേ പ്രചരണത്തിനെത്താവൂ. മാസ്കും കൈയുറയും നിര്‍ബന്ധമാണ്. ഒരേ സമയം അഞ്ചു വാഹനങ്ങള്‍ മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടുള്ളെന്നും മാർഗനിർദേശത്തിൽ പറയുന്നു.