ന്യൂഡെൽഹി: അഴുക്കുചാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ അങ്കിത് ശർമയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട്. ശർമയുടെ ശരീരത്തിൽ മൂർച്ചയുള്ള ആയുധം കൊണ്ടുണ്ടാക്കിയ ആഴത്തിലുള്ള മുറിവുകളും
പോറലുകളും ള്ളതായി പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇരുപത്തിയാറുകാരനായ അങ്കിതിനെ കാണാതായത്.ചന്ദ് ബാഗിലെ
വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് എട്ട് മണിക്കൂറോളം കുടുംബാംഗങ്ങൾ ശർമ്മയ്ക്കായി തിരച്ചിൽ നടത്തിയിരുന്നു .ശർമ്മ സംഘർഷ സ്ഥലം സന്ദർശിച്ചിരുന്നതായി വിവരം ലഭിച്ചിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഴുക്ക് ചാലിൽ മ്യതദേഹം കണ്ടെത്തിയത്.
2017 മുതൽ രഹസ്യാന്വേഷണ ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു ശർമ.
ശർമയുടെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട ആം ആദ്മി പാർട്ടി പ്രാദേശിക നേതാവ് താഹിർ ഹുസൈനെതിരെ പോലീസ് കൊലപാതകക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. അങ്കിത് ശർമയുടെ മരണത്തിന് പിന്നിൽ താഹിർ ഹുസൈനാണെന്ന് അങ്കിതിന്റെ സഹോദരൻ ആരോപിച്ചിരുന്നു. കലാപകാരികൾക്ക് താഹിറിന്റെ വീട്ടിൽ അഭയം നൽകിയെന്നും അങ്കിതിന്റെ സഹോദരൻ ആരോപിച്ചിരുന്നു.