ന്യൂഡെൽഹി : ഉത്തരേന്ത്യയിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ തുടർ ന്യൂനമർദ്ദമുണ്ടാകുമെന്നാണ് പ്രവചനം. എന്നാൽ പുതിയ ന്യൂനമർദ്ദം കാരണം കേരളത്തിൽ ഒറ്റപ്പെട്ട മഴയാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ സംസ്ഥാനത്ത് നിലവിൽ ആശങ്കയ്ക്ക് വകയില്ല. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.
അടുത്ത 24 മണിക്കൂറിനുള്ളിൽ മൺസൂൺ ശക്തിപ്രാപിക്കും. മധ്യപ്രദേശിലും ഡൽഹിയിലും ചത്തീസ്ഗഡിലും ഝാർഖണ്ഡിലും ബിഹാറിലും ഒഡിഷയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മഴ രണ്ടു ദിവസം നീണ്ടു നിൽക്കും. ബംഗാൾ ഉൾക്കടലിൽ ഞായറാഴ്ചയോടെ അടുത്ത ന്യൂനമർദ്ദം പ്രതീക്ഷിക്കുന്നുമുണ്ട്. ന്യൂനമർദ്ദം കേരളത്തിന് കാര്യമായ ഭീഷണിയുണ്ടാക്കില്ലെന്നാണ് കണക്കാക്കുന്നത്.
അതേ സമയം ഇന്ന് രാവിലത്തെ കനത്ത മഴ ഡെൽഹിയിൽ പലയിടങ്ങളിലും വെള്ളപൊക്കത്തിനിടയാക്കി. സാകേതിൽ മതിൽ വീണ് പാർക്ക് ചെയ്ത നിരവധി വാഹനങ്ങൾക്ക് കേടുപറ്റി. താഴ്ന്ന പ്രദേശങ്ങൾ മിക്കയിടത്തും വെള്ളത്തിലായി. ദേശീയ പാതകകൾ മുങ്ങിയതിനാൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ബദർപൂർ ഫ്ളൈ ഓവർ, സരിതാ വിഹാർ, ദില്ലി ദുരുഗ്രാം ദേശീയപാതയെന്നിവിടങ്ങളിൽ വെള്ളം കയറിയതിനാൽ വാഹനങ്ങൾ വഴിതിരിച്ചുവിട്ടിരിക്കുകയാണ്.