ന്യൂഡെൽഹി: കേന്ദ്രസർക്കാർ, പൊതുമേഖലാ ബാങ്കുകളിലെയും ഗസറ്റഡ് ഇതര തസ്തികകളിലെ നിയമനങ്ങൾക്കും പൊതുയോഗ്യത പരീക്ഷ നടത്താനുള്ള നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഇതിനായി ദേശീയ റിക്രൂട്ട്മെന്റ് ഏജൻസി രൂപീകരിക്കാൻ തീരുമാനമായി.
ദേശീയ റിക്രൂട്ട്മെന്റ് ഏജൻസി വഴി രാജ്യത്താകമാനം പൊതുയോഗ്യത പരീക്ഷ നടത്താനാണ് തീരുമാനമെന്ന് മന്ത്രി പ്രകാശ് ജാവഡേക്കർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സാധാരണ കേന്ദ്രസർക്കാരിലെയും പൊതുമേഖലാ ബാങ്കുകളിലെയും ഒഴിവുകൾക്ക് വ്യത്യസ്ത തലത്തിലാണ് പരീക്ഷ നടത്തുന്നത്. ഇതു പരിഹരിക്കാനാണ് ഏകീകൃത സംവിധാനം നിലവിൽ വരുന്നത്. കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ പുതിയ റിക്രൂട്ടമെന്റ് ഏജൻസി പ്രഖ്യാപിച്ചിരുന്നു.
നിലവിൽ 20 ലേറെ റിക്രൂട്ട്മെൻ്റ് ഏജൻസികളാണ് കേന്ദ്രസർക്കാരിലെ വിവിധ മന്ത്രാലയങ്ങളിലേക്കും പൊതുമേഖലാ ബാങ്കികളിലേക്കും നിയമനം നടത്തുന്നത്. ഇതുമൂലം വിവിധ സമയങ്ങളിൽ വിവിധ സ്ഥലങ്ങളിൽ പൊതുപരീക്ഷയെഴുതേണ്ടി വരുന്ന ഉദ്യോഗാർഥികളുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ്’ പുതിയ ഏജൻസിയുടെ രൂപീകരണം.
മൂന്ന് വർഷമായിരിക്കും ഈ റാങ്ക്ലിസ്റ്റിന്റെ കാലാവധി. സംസ്ഥാന സർക്കാരുകൾക്കും ആവശ്യമെങ്കിൽ ഈ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്താൻ അംഗീകാരമുണ്ടായിരിക്കും.