സെപ്റ്റംബറിലെ നീറ്റ്, ജെഇഇ പരീക്ഷകൾ നീട്ടിവെയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡെൽഹി: സെപ്റ്റംബറിൽ നടക്കേണ്ട നീറ്റ്, ജെഇഇ പരീക്ഷകൾ നീട്ടിവെക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പരീക്ഷകൾ നീട്ടിവച്ചുകൊണ്ട് വിദ്യാർത്ഥികളുടെ ഭാവി അപകടത്തിൽ ആക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കൊറോണയുടെ ഇടയിലും ജീവിതം മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ജസ്റ്റിസ് അരുൺ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.

കൊറോണ പ്രതിരോധ വാക്സിൻ തയ്യാറാകുന്നത് വരെ നീറ്റ്, ജെജെഇ പരീക്ഷകൾ നീട്ടിവെക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വാക്സിൻ ഉടൻ തയ്യാറാകും എന്ന് വ്യക്തമാക്കിയതായും ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ പരീക്ഷ നീട്ടിവയ്ക്കുന്നതിനെ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് വേണ്ടി ഹാജർ ആയ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർത്തു.

വേണ്ട സുരക്ഷ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് നീറ്റ് പരീക്ഷ നടത്താം എന്ന് സോളിസിറ്റർ ജനറൽ കോടതിക്ക് ഉറപ്പ് നൽകി. പരീക്ഷ നടത്താനുള്ള സർക്കാരിന്റെ നയപരമായ തീരുമാനത്തിൽ തങ്ങൾ ഇടപെടില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

സെപ്റ്റംബർ 13 ന് ആണ് നീറ്റ് പരീക്ഷ. നീറ്റ് പരീക്ഷ ഓൺലൈനിൽ നടത്തണം എന്ന ആവശ്യം നേരത്തെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി നിരാകരിച്ചിരുന്നു. സെപ്റ്റംബർ ആദ്യ വാരം ആണ് ജെജെഇ പരീക്ഷ. ജെജെഇ പരീക്ഷ ഓൺലൈൻ ആയി ആകും നടക്കുക.