എസ്പി ബാലസുബ്രഹ്മണ്യത്തിൻ്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയെന്ന് ഡോക്ടർമാർ

ചെന്നൈ: ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം കൊറോണ വൈറസ് രോ​ഗബാധയിൽ നിന്ന് വേ​ഗം സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മകന്‍ എസ് പി ചരൺ. എസ്പിബിയുടെ ആരോഗ്യ നിലയിലെ പുരോഗതിയേക്കുറിച്ച് യഥാസമയങ്ങളില്‍ വ്യക്തമാക്കുമെന്നും മറിച്ചുള്ള വാദങ്ങളില്‍ കഴമ്പില്ലെന്നും എസ് പി ചരണ്‍ പറയുന്നു. രോഗമുക്തിയുടെ പാതയിലാണ് പിതാവെന്നും എസ് പി ചരണ്‍ വിശദമാക്കി.

എസ്പിബിയുടെ ആരോഗ്യസ്ഥിതി ഭേദമാകുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചതായും എസ്പി ചരൺ പ്രതികരിച്ചു. തീവ്ര വൈറസ് ബാധയില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചെന്നും ആശുപത്രിയില്‍ നിന്നെടുത്ത വീഡിയോയിലൂടെ നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഹോം ക്വാറന്റൈന്‍ മതിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനാണ് ആശുപത്രിയില്‍ പ്രവേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ ആരോഗ്യ നില വഷളായതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനെ വെന്‍റിലേറ്റര്‍ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം എസ്പിബി യുടെ ആരോഗ്യനില ഭേദപ്പെട്ടതായി മെഡിക്കൽ ബുള്ളറ്റിനും വിശദമാക്കുന്നു. എസ്പിബിക്ക് വെൻറിലേറ്റർ സഹായം തുടരുന്നുണ്ട്. വിദഗ്ധ ഡോക്ടർമാരുടെ സംഘം നിരീക്ഷിക്കുന്നുവെന്നും ചെന്നൈ എംജിഎം ആശുപത്രി വ്യക്തമാക്കി.