ട്വീറ്റ് കോടതിയലക്ഷ്യം; പ്രശാന്ത് ഭൂഷൺ കുറ്റക്കാരനെന്ന് സുപ്രീംകോടതി

ന്യൂഡെല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസിനും മുൻഗാമികൾക്കുമെതിരായ ട്വീറ്റിലൂടെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഗുരുതരമായ കോടതിയലക്ഷ്യക്കുറ്റം നടത്തിതായി സുപ്രീം കോടതി. ട്വീറ്റുകളുടെ പേരില്‍ കോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.

പ്രശാന്ത് ഭൂഷണു നല്‍കേണ്ട ശിക്ഷ സംബന്ധിച്ച് ഈ മാസം 20ന് വാദം കേള്‍ക്കുമെന്ന് കേസില്‍ വിധി പ്രസ്താവം നടത്തിക്കൊണ്ട് ജസ്റ്റിസ് ബിആര്‍ ഗവായി പറഞ്ഞു. ജസ്റ്റിസ് ഗവായിയെക്കൂടാതെ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.

ദുഷ്ടലാക്കില്ലാതെ വിമര്‍ശനം ഉന്നയിക്കുക മാത്രമാണ് ചെയ്തത് എന്നായിരുന്നു പ്രശാന്ത് ഭൂഷണു വേണ്ടി ഹാജരായ ദുഷ്യന്ത് ദാവെ കോടതിയില്‍ വാദിച്ചത്. ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തില്‍ പോരായ്മയുണ്ടെന്ന വിമര്‍ശനം മാത്രമാണ് ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജൂൺ 27, 29 തിയതികളിലെ പ്രശാന്ത് ഭൂഷൻ്റെ രണ്ട് ട്വീറ്റുകളാണ് സുപ്രീംകോടതി നടപടിക്കാധാരം. മോട്ടോർസൈക്കിൾ പ്രേമിയായ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നാഗ്പുരിൽ ആഢംബര ബൈക്കായ ഹാർലി ഡേവിഡ്സണിൽ ഇരിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് ജൂൺ 29-ന് ഭൂഷൺ ട്വീറ്റ് ചെയ്തത്. ‘ജനങ്ങൾക്കു നീതി നിഷേധിച്ച് സുപ്രീംകോടതി അടച്ചിട്ട ചീഫ് ജസ്റ്റിസ്, ബിജെപി നേതാവിന്റെ മകന്റെ 50 ലക്ഷം രൂപയുടെ ബൈക്കിൽ ഹെൽമെറ്റും മുഖാവരണവുമില്ലാതെ ഇരിക്കുന്നു’ എന്നായിരുന്നു ട്വീറ്റ്.

അടിയന്തരാവസ്ഥയില്ലാതെ തന്നെ കഴിഞ്ഞ ആറുവർഷം ഇന്ത്യയിൽ എങ്ങനെയാണ് ജനാധിപത്യം നശിപ്പിക്കപ്പെട്ടതെന്ന് ചരിത്രകാരന്മാർ തിരിഞ്ഞുനോക്കിയാൽ അതിൽ സുപ്രീംകോടതിയുടെ, പ്രത്യേകിച്ച് അവസാനത്തെ നാലു ചീഫ് ജസ്റ്റിസുമാരുടെ പങ്ക് പ്രത്യേകം അടയാളപ്പെടുത്തും’ എന്നായിരുന്നു ഭൂഷന്റെ പ്രതികരണം.
ഈ ട്വീറ്റുകളെ തുടർന്നാണ് സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്.

നീതിനിർവഹണത്തിന് അവമതിപ്പുണ്ടാക്കുന്നതും സുപ്രീംകോടതിയുടെയും ചീഫ് ജസ്റ്റിസിന്റെയും അന്തസ്സിനെയും അധികാരത്തെയും അപമാനിക്കുന്നതുമാണ് ഭൂഷന്റെ പ്രസ്താവനയെന്ന് പ്രശാന്ത് ഭൂഷണെതിരെ കേസെടുത്ത വേളയിൽ സുപ്രീം കോടതി പരാമർശം നടത്തിയിരുന്നു.
അതേസമയം കോടതിയെ അവഹേളിക്കുന്നതിനല്ല അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിക്കുക മാത്രമാണ് ചെയ്തതെന്നാണ് പ്രശാന്ത് ഭൂഷൻ്റെ നിലപാട്.

കേസിൽ ജൂലൈ 22 ന് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. തുടർന്ന് ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷൺ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സുപ്രീംകോടതി പുറപ്പെടുവിച്ച കാരണം കാണിക്കൽ നോട്ടീസിന് നൽകിയ മറുപടിയിൽ “എത്ര പരസ്യമായി സംസാരിച്ചാലും വിയോജിപ്പുള്ളതോ അല്ലെങ്കിൽ ചിലരോട് വിലമതിക്കാനാവാത്തതോ” ആണെങ്കിലും കോടതിയെ അവഹേളിക്കാൻ കഴിയില്ല.

ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) (എ) പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും പ്രശാന്ത് ഭൂഷൺ പരാമർശിച്ചു. ഭരണഘടന പവിത്രമായി കരുതുന്ന എല്ലാ മൂല്യങ്ങളുടെയും ആത്യന്തിക സംരക്ഷണമാണ് ഈ അവകാശമെന്ന് അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 5 ന് പ്രശാന്ത് ഭൂഷൺ സുപ്രീംകോടതിയിൽ തന്റെ രണ്ട് ട്വീറ്റുകളും ന്യായീകരിച്ചിരുന്നു.