സുശാന്തിൻ്റെ മരണം; മുംബൈ പൊലീസ് എഫ്‌ഐആർ ഇടാത്തത് രാഷ്ട്രീയ സമ്മര്‍ദം കാരണമെന്ന് ബിഹാര്‍ സര്‍ക്കാര്‍

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ മുംബൈ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാത്തത് രാഷ്ട്രീയ സമ്മര്‍ദം കാരണമെന്ന് ബിഹാര്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ബിഹാര്‍ പൊലീസുമായി സഹകരിക്കാത്തതിന് പിന്നിലും രാഷ്ട്രീയ സമ്മര്‍ദമുണ്ട്. സിബിഐ അന്വേഷണത്തിന് തടസമുണ്ടാകരുതെന്നും ബിഹാര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അന്വേഷണം പട്‌നയില്‍ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന നടി റിയ ചക്രവര്‍ത്തിയുടെ ഹര്‍ജിയില്‍ സമര്‍പ്പിച്ച മറുപടിയിലാണ് ബിഹാര്‍ സര്‍ക്കാരിന്റെ ആരോപണം.

അതേസമയം, സുപ്രിംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടാല്‍ എതിര്‍പ്പില്ലെന്ന് റിയ ചക്രവര്‍ത്തി വ്യക്തമാക്കി. പട്‌ന പൊലീസിന്റെ എഫ്‌ഐആറില്‍ സിബിഐ അന്വേഷണം അനുവദിക്കരുതെന്നും കോടതിയില്‍ രേഖാമൂലം സമര്‍പ്പിച്ച വാദമുഖത്തില്‍ റിയ ചക്രവര്‍ത്തി ആവശ്യപ്പെട്ടു.

എന്നാൽ തങ്ങൾക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതായി സുശാന്ത് സിംഗ് രാജ്പുത്തിന്റെ കുടുംബം വ്യക്തമാക്കുന്നു. ഒന്‍പത് പേജുള്ള തുറന്ന കത്തിലാണ് കുടുംബം ഇക്കാര്യം വ്യക്തമാക്കിയത്. സുശാന്തും അച്ഛന്‍ കെ.കെ. സിംഗും തമ്മില്‍ നല്ല ബന്ധത്തില്‍ ആയിരുന്നില്ലെന്ന ആരോപണങ്ങള്‍ കുടുംബം തള്ളി. മരണം കുടുംബത്തെ ഉലച്ചുവെന്നും കത്തില്‍ പറയുന്നു. അച്ഛന്റെ രണ്ടാം വിവാഹം സുശാന്ത് സിംഗിന് സ്വീകാര്യമായിരുന്നില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് ആരോപിച്ചിരുന്നു. അതേസമയം, സുശാന്തിന്റെ മുന്‍ മാനേജര്‍ ദിശ സാലിയന്റെ ആത്മഹത്യയില്‍ ഫൊറന്‍സിക് പരിശോധന ആരംഭിച്ചു.