യോഗിയുടെ ഹനുമാൻ’ എന്നറിയപ്പെട്ടിരുന്ന അജയ് ശ്രീവാസ്‍തവ കൊറോണ ബാധിച്ച് മരിച്ചെന്ന് റിപ്പോർട്ട്

പാട്ന: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ വലം കയ്യായിരുന്ന അജയ് ശ്രീവാസ്‍തവ എന്ന അജ്ജു ഹിന്ദുസ്ഥാനി കൊറോണ ബാധിച്ച് മരിച്ചെന്ന് റിപ്പോർട്ട്. തബ്‌ലീഗ് പ്രവർത്തകരെ പിടികൂടുന്നവർക്ക് 11,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചതിലൂടെ കുപ്രസിദ്ധനായ അജ്ജുവിന് ജൂലായ് 19നാണ് കൊറോണ സ്ഥിരീകരിക്കുന്നത്. രോഗബാധ സ്ഥിരീകരിച്ചതിനു ശേഷം ഇദ്ദേഹം അസുഖം മാറാൻ പൂജകൾ നടത്തിയിരുന്നു. ഇദ്ദേഹത്തിൻ്റെ കുടുംബത്തിലെ മറ്റു ചിലർക്കും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

‘യോഗിയുടെ ഹനുമാൻ’ എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം യോഗി ആദിത്യനാഥ് സ്ഥാപിച്ച തീവ്ര ഹിന്ദു സംഘടനയായ യുവവാഹിനിയുടെ പ്രവർത്തകനായിരുന്നു. കഴിഞ്ഞ മാസം ഇദ്ദേഹത്തിൻ്റെ മാതാവും സഹോദരിയും കൊറോണ ബാധയേറ്റാണ് മരണപ്പെട്ടത്.

രാജ്യത്ത് ലോക്ക്‌ഡൗൺ ഏർപ്പെടുത്തുന്നതിനു മുൻപ് ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗി ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കൊറോണ ബാധിച്ചുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് അജ്ജു പാരിതോഷികം പ്രഖ്യാപിച്ചത്. സമ്മേളനത്തിൽ പങ്കെടുത്തവരും റോഹിംഗ്യൻ അഭയാർഥികളും അടങ്ങുന്ന മുസ്ലിങ്ങൾ രാജ്യത്ത് കൊറോണ പടർത്താൻ ഗൂഢാലോചന നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തബ്‌ലീഗി ജമാഅത്ത് അംഗങ്ങളെ പിടികൂടുന്നവർക്ക് ഹിന്ദു യുവ വാഹിനി 11,000 രൂപ നൽകുമെന്നും ഇദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

അതേ സമയം, പൂജാരിമാർ ഉൾപ്പെടെ 22 പേർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ വൃന്ദാവൻ ഇസ്കോൺ ക്ഷേത്രം അടച്ചിരുന്നു. ജന്മാഷ്ടമി ആഘോഷങ്ങൾ തുടങ്ങാനിരിക്കെ ചൊവ്വാഴ്ചയാണ് ക്ഷേത്രം അടച്ചത്.