ന്യൂഡെൽഹി: വിവാദങ്ങള്‍ക്കിടെ ഗൗതമബുദ്ധന്റെ ജന്മദേശം നേപ്പാള്‍ തന്നെയാണെന്ന് ഇന്ത്യ. ബുദ്ധന് ജനിച്ചത് ഇന്ത്യയിലാണെന്ന് ജയശങ്കര്‍ പറഞ്ഞതായി നേപ്പാളിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് വിവാദമുടലെടുത്തത്. ശ്രീ ബുദ്ധന്റെ ജന്മദേശം നേപ്പാളാണെന്ന് വ്യക്തമാക്കിയ ജയശങ്കര്‍, ബുദ്ധപാരമ്പര്യം നമ്മള് പങ്കിട്ടെന്നും ബുദ്ധന്റെ ജന്മദേശം നേപ്പാളിലെ ലുംബിനിയാണെന്നതില് സംശയമില്ലെന്നും പറഞ്ഞു.
ശനിയാഴ്ച നടന്ന വെബ്ബിനാറില്‍ ഇന്ത്യയുടെ ധാര്‍മ്മിക നേതൃത്വത്തില്‍ എങ്ങനെയാണ് ബുദ്ധനും ഗാന്ധിയും ഇപ്പോഴും പ്രസക്തമാകുന്നതെന്ന് ജയശങ്കര്‍ വിശദീകരിച്ചിരുന്നു. എന്നാല്‍, ബുദ്ധന്റെ ജന്മദേശം ഇന്ത്യയാണെന്ന് ജയശങ്കര്‍ പറഞ്ഞെന്ന തരത്തിൽ നേപ്പാളിലെ മാധ്യമങ്ങളിൽ വാര്‍ത്ത വന്നു. എന്നാൽ ഇരുരാജ്യങ്ങളും ബുദ്ധ പൈതൃകത്തെ പങ്കിട്ടെടുത്തത് പരാമര്‍ശിക്കുകയാണ് മന്ത്രിചെയ്തതെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി.
നേപ്പാളിലെ ലുംബിനിയിലാണ് ഗൗതമ ബുദ്ധന് ജനിച്ചത് എന്നതില്‍ സംശയമില്ലെന്നും ശ്രീവാസ്തവ പറഞ്ഞു. ബുദ്ധന് ജനിച്ചതും ബുദ്ധിസത്തിന് അടിത്തറ പാകിയതും ലുംബിനിയിലാണെന്നും ലുംബിനി യുനെസ്കോയുടെ പൈതൃക പട്ടികയിലുള്‍പ്പെട്ട സ്ഥലമാണെന്നും നേപ്പാള്‍ വിദേശകാര്യ വക്താവും വ്യക്തമാക്കിയിരുന്നു. 2014ലെ നേപ്പാള്‍ സന്ദര്‍ശനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദി നേപ്പാളിലാണ് ബുദ്ധന് ജനിച്ചതെന്ന് പറഞ്ഞതായും നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു.
ബുദ്ധന് ഇന്ത്യക്കാരനാണെന്ന ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ പ്രസ്താന അടിസ്ഥാന രഹിതവും പ്രതിഷേധാര്‍ഹവുമാണെന്ന് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മാധവ് കുമാര്‍ പറഞ്ഞു. ബുദ്ധന്റെ ജന്മദേശം നേപ്പാളാണെന്ന് നേപ്പാളി കോണ്‍ഗ്രസ് വക്താവ് ബിശ്വ പ്രകാശ് ശര്‍മയും വ്യക്തമാക്കി.