ഡെൽഹിയിൽ ക്രൂര പീഡനത്തിനിരയായ പെൺകുട്ടിയുടെ നില ഗുരുതരം; പ്രതി പിടിയിലായി

ന്യൂഡെല്‍ഹി: ക്രൂരമായി പീഡിപ്പിക്കപ്പെട്ട 12 വയസ്സുകാരിയുടെ നില ഗുരുതരമായി തുടരുന്നതായി ഡെല്‍ഹി എയിംസ് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതിനകം രണ്ടു ശസ്ത്രക്രിയയ്ക്ക് കുട്ടിയെ വിധേയമാക്കിയതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കത്രിക ഉപയോഗിച്ചാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലുണ്ട്. സംഭവുമായി ബന്ധപ്പെട്ട് 33 കാരനായ കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡെല്‍ഹി പീരഗരിയിലെ താമസക്കാരിയായ 12 കാരിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. വീട്ടിനുളളില്‍ വച്ചാണ് ആക്രമണത്തിന് ഇരയായത്. നാല് ക്രിമിനല്‍ കേസില്‍ പ്രതിയാണ് പിടിയിലായ കൃഷ്ണനെന്ന് പൊലീസ് പറയുന്നു.

വീട്ടില്‍ മോഷണം നടത്തുന്നതിനിടെയാണ് ആക്രമണം നടന്നത്. കെട്ടിടത്തിന്റെ ആദ്യത്തെ രണ്ടുനിലയില്‍ ആളുകളെ കണ്ടതിനെ തുടര്‍ന്ന് മോഷണത്തിനായി മൂന്നാമത്തെ നിലയില്‍ അതിക്രമിച്ചു കടന്നു.

ഇവിടെ ഉണ്ടായിരുന്ന പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. മോഷ്ടാവിനെ കണ്ടതോടെ കുട്ടി ഒച്ചയെടുക്കാന്‍ ശ്രമിച്ചു. കുട്ടിയുടെ ഒച്ച പുറത്തുവരാതിരിക്കാന്‍ കുട്ടിയുടെ തല ലക്ഷ്യമാക്കി തയ്യല്‍ മെഷീന്‍ എറിഞ്ഞു. എന്നിട്ടും കുട്ടി അലമുറയിട്ടുളള കരച്ചില്‍ തുടര്‍ന്നു. ഇതിന് പിന്നാലെ കത്രിക എടുത്ത് പെണ്‍കുട്ടിയെ തുടര്‍ച്ചയായി അഞ്ചുതവണ പ്രതി കുത്തിയതായി പൊലീസ് പറയുന്നു.

സംഭവം നടക്കുന്ന സമയത്ത് താന്‍ മദ്യപിച്ചിരുന്നതായി പ്രതി സമ്മതിച്ചു. പെണ്‍കുട്ടി മരിച്ചു എന്ന് കരുതി പ്രതി അവിടെ നിന്ന് കടന്നുകളയുകായിരുന്നു.