ഇന്ത്യയില്‍ നിന്നും യുഎഇ യിലേക്കും തിരിച്ചും വിമാന സര്‍വീസുകള്‍ ഓഗസ്റ്റ് 31 വരെ തുടരാന്‍ ധാരണ

ദുബായ്: ഇന്ത്യയില്‍ നിന്നും യുഎഇ യിലേക്കും തിരിച്ച് ഇന്ത്യയിലേക്കുമുള്ള വിമാന സര്‍വീസുകള്‍ ഓഗസ്റ്റ് 31 വരെ തുടരാന്‍ ധാരണയായെന്നു യുഎഇ യിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ അറിയിച്ചു. നേരത്തേ ഈ മാസം 15 വരെയാണ് വിമാന സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. നാളെ മുതല്‍ യുഎഇയുടെയും ഇന്ത്യയുടെയും വിമാനക്കമ്പനികളില്‍ ടിക്കറ്റ് ബുക്ക് ചെയ്തു തുടങ്ങാം. സര്‍വീസ് നടത്തുന്ന എല്ലാ ഇന്ത്യന്‍, യുഎഇ വിമാനക്കമ്പനികളുടെയും വെബ്‌സൈറ്റുകളും ഏജന്റുകളും ഓഫീസുകളും വഴി ടിക്കറ്റുകള്‍ ലഭ്യമാകും.

ജൂലൈ 12 മുതല്‍ 26 വരെ നടത്തിയ പ്രത്യേക സര്‍വീസുകള്‍ വഴി കാല്‍ ലക്ഷത്തോളം താമസ വിസക്കാര്‍ യുഎഇയില്‍ മടങ്ങിയെത്തിയിട്ടുണ്ട്. ഇനിയും നിരവധി പേര്‍ ഇതിനായി കാത്തിരിക്കുന്നുണ്ടെന്നു അംബാസ്ഡര്‍ പറഞ്ഞു. ഒരു മാസത്തിനിടെ എഴുന്നൂറോളം സര്‍വീസുകള്‍ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുഎഇയില്‍ മടങ്ങിയെത്താനുള്ള ആളുകളുടെ കൃത്യമായ കണക്കു വ്യക്തമായതിന് ശേഷമാകും കൂടുതല്‍ സര്‍വീസുകളുടെ കാര്യത്തില്‍ തീരുമാനം എടുക്കുക. രണ്ടാഴ്ച്ച ലഭിച്ച കണക്കുകള്‍ പ്രകാരം മുപ്പതിനായിരത്തോളം പേര്‍ക്ക് യുഎഇ മടങ്ങി വരാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലേക്കും തിരിച്ചുമുള്ള സാധാരണ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ ഇപ്പോഴും സാധ്യമല്ലെന്നും അതത് സംസ്ഥാനങ്ങളുടെ ക്വാറന്റൈന്‍ സംവിധാനങ്ങളും മറ്റു നടപടി ക്രമങ്ങളും കണക്കാക്കിയ ശേഷമേ ഈ സര്‍വീസുകള്‍ അനുവദിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.