ന്യൂഡെൽഹി: കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ കോടതിയിലേക്ക് ക്ഷണിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റീസ്. മലിനീകരണം തടയാൻ നവീന ആശയങ്ങൾ സംഭാവന ചെയ്യാൻ മന്ത്രി ഗഡ്കരിക്ക് സാധിക്കുമെന്നതിനാൽ അദ്ദേഹം കോടതിയിൽ വരണമെന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അഭിപ്രായപ്പെട്ടത്.
മലിനീകരണ വിഷയത്തിൽ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്ന ആളാണ് ഗഡ്കരി. അദ്ദേഹത്തോട് കോടതിയിൽ വരാനും ഇക്കാര്യത്തിൽ ആശയങ്ങൾ മുന്നോട്ടുവെക്കാനും അഭ്യർഥിക്കുകയാണ്, ജസ്റ്റിസ് ബോബ്ഡെ പറഞ്ഞു.
മന്ത്രിയെ കോടതിയിലേയ്ക്ക് വിളിച്ചുവരുത്തുകയാണെന്ന് കരുതരുതെന്നും ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ സാധിക്കുന്ന ഒരാൾ വേണം എന്നതുകൊണ്ടാണ് ഇതു പറയുന്നതെന്നും കോടതി വിശദീകരിച്ചു.
വായു മലിനീകരണത്തിന് അവശിഷ്ടങ്ങൾ കത്തിക്കുന്നതടക്കം നിരവധി കാരണങ്ങൾ ഉണ്ടെങ്കിലും മോട്ടോർ വാഹനഹങ്ങളാണ് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ഗഡ്കരിക്ക് കോടതിയെ സഹായിക്കാൻ കഴിയുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
എന്നാൽ, വിഷയത്തിൽ മറുപടി നൽകാൻ സർക്കാർ അഭിഭാഷകൻ തയ്യാറായില്ല.
ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട് സർക്കാരിന്റെ നയം രൂപീകരിക്കുന്നത് സംബന്ധിച്ച ഹർജിയിൽ വാദം കേൾക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റീസ് ഈ പരാമർശം നടത്തിയത്.