വൈറസ് മരണസംഖ്യയിൽ ഇറ്റലിയെ മറകടന്ന് ഇന്ത്യ അഞ്ചാമത്; ഏകദിന രോഗബാധ 55,000 പിന്നിട്ടു

ന്യൂഡെല്‍ഹി: കൊറോണ മരണസംഖ്യയിൽ ഇറ്റലിയെ മറകടന്ന് ഇന്ത്യ അഞ്ചാമതായി. രാജ്യത്തെ കൊറോണ മരണം 35,747 ആയതോടെയാണ് ഇറ്റലിയെ മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത് എത്തിയത്. 24 മണിക്കൂറിനിടെ 779 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.24 മണിക്കൂറിനിടെ 55,000 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഒറ്റദിനം ഇത്രയും പേര്‍ക്ക് രോഗബാധ ഉണ്ടാകുന്നത് ഇതാദ്യമായാണ്.

കൊറോണ മരണത്തില്‍ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. ഒന്നരലക്ഷത്തോട് അടുക്കുകയാണ് അമേരിക്കയിലെ മരണസംഖ്യ. ബ്രസീലാണ് തൊട്ടുപിന്നില്‍. 88,539 പേര്‍ക്കാണ് മരണം സംഭവിച്ചത്. ബ്രിട്ടണ്‍, മെക്‌സിക്കോ എന്നി രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഇന്ത്യയാണ് തൊട്ടുപിന്നില്‍.

കൊറോണ ബാധിതരില്‍ അമേരിക്കയ്ക്കും ബ്രസീലിനും തൊട്ടുതാഴെയാണ് ഇന്ത്യ. നിലവില്‍ 16 ലക്ഷത്തിലധികം കൊറോണ ബാധിതരാണ് ഇന്ത്യയില്‍ ഉളളത്. അതിനിടെയാണ് കൊറോണ മരണത്തിലും ഇന്ത്യ മുന്നേറുന്ന പരിതാപകരമായ സ്ഥിതി.

അതേസമയം ഇന്ത്യയില്‍ മരണനിരക്ക് കുറഞ്ഞതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. 2.21 ശതമാനമായാണ് താഴ്ന്നത്. നിലവില്‍ രോഗമുക്തി നേടുന്നവര്‍ ചികിത്സയിലുളളവരുടെ 1.9 മടങ്ങായി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗബാധ കൂടുമ്പോഴും പത്തുലക്ഷത്തിലധികം ആളുകളാണ് ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടത്.